ചങ്ങനാശേരി: ""രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായി വരുമോ... എവിടെ എന്റെ സ്നേഹഗായകന്...'' പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്ര പാടി, മുഖ്യാതിഥിയായെത്തിയ മന്ത്രി പി.സി. വിഷ്ണുനാഥ് ഏറ്റുപാടി. വേദിയും സദസും സംഗീതസാന്ദ്രമായി. ചങ്ങനാശേരി നഗരസഭയുടെ പ്രഥമ എല്‍പിആര്‍ വർമ പുരസ്കാരം സമ്മാനിച്ച വേദിയാണ് സംഗീതസാന്ദ്രമായത്. നഗരസഭാ കാര്യാലയ ഓഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
മലയാളിമനസുകളെ പുളകമണിയിച്ച വിസ്മയ ഗായികയാണ് ചിത്രയെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അവാര്‍ഡ് സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. 50,000 രൂപയും പ്രശസ്തിപത്രവും പ്രത്യേകം രൂപകല്പന ചെയ്ത ഫലകവുമാണ് ചിത്രയ്ക്ക് സമ്മാനിച്ചത്.
പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനും നടനുമായ എല്‍പിആര്‍ വര്‍മയുടെ പേരില്‍ കലാ-സാംസ്കാരിക, സാമൂഹ്യരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്നതിന് ചങ്ങനാശേരി നഗരസഭ ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
നഗരസഭാ ചെയര്മാന് ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎല്‍എ, ചലച്ചിത്രസംവിധായകനും നടനുമായ ജോണി ആന്റണി, ചലച്ചിത്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ, ലക്ഷ്മിഭായി തമ്പുരാട്ടി, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. നെജിയ, സന്തോഷ് ആന്റണി, ഡോ. റൂബിള്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News