തൃശൂർ: ആളൂരിൽ പോലീസ് ജീപ്പിടിച്ചു വിദ്യാർഥി മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുക, വിദ്യാർഥികളുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുമായി കെ. രാജൻ എംഎൽഎ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കത്തയച്ചു.
കഴിഞ്ഞമാസം പതിനഞ്ചിനാണ് സ്കൂളിൽനിന്നു വീട്ടിലേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ വരികയായിരുന്ന വിദ്യാർഥികളെ പോലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്. ആളൂർ പീണിക്കപ്പറന്പിൽ ജുവിൻരാജ്, ആളൂർ തയ്യിൽ അനന്തു എന്നിവർക്കു ഗുരുതര പരിക്കേറ്റു. 23ന് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജുവിൻരാജ് മരിച്ചു. അനന്തു എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പോലീസ് വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടശേഷം ആംബുലൻസ് വിളിക്കുന്നതിലും പോലീസ് വീഴ്ച വരുത്തിയെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഏഴുപേർക്ക് അവയവദാനം നൽകിയ ജുവിന്റെ മാതാപിതാക്കളെ സർക്കാർ ഏറ്റെടുക്കണമെന്നും ഇരുവരുടെയും കുടുംബങ്ങൾക്ക് അർഹമായ ധനസഹായം നൽകണമെന്നും അനന്തുവിന്റെ ചികിത്സാച്ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും കെ. രാജൻ കത്തിൽ ആവശ്യപ്പെട്ടു.
Tags : Nattuvishesham District News