ഹരിപ്പാട്: കാർത്തികപ്പള്ളി പുതുക്കുണ്ടം ആലുകുന്നത്ത് വീട്ടിൽ വിഷ്ണു പ്രസന്നനെ ക്വട്ടേഷൻ സംഘം വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി രതീഷ് പുഷ്കരൻ പോലീസ് പിടിയിൽ. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്നാണ് തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ജൂൺ 29നായിരുന്നു സംഭവം. കാർത്തികപ്പള്ളി പുളിക്കീഴിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിഷ്ണു പ്രസന്നനെ കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ നേരത്തേ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മാന്നാറിൽ എത്തിച്ച് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തി. പ്രതികൾ ആക്രമണത്തിനു ശേഷം ആയുധങ്ങൾ ഉപേക്ഷിച്ചുവെന്ന് മൊഴി നൽകിയ എണ്ണക്കാട് പാലത്തിന് താഴെ പമ്പാനദിയിൽ ചെങ്ങന്നൂർ ഫയർഫോഴ്സിലെ സ്കൂബ ടീമിന്റെ സഹായത്തോടെ പോലീസ് വിപുലമായ തിരച്ചിൽ നടത്തി.
തൃക്കുന്നപ്പുഴ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ലാൽ സി. ബേബിയുടെ നേതൃത്വത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ വലയിലാക്കിയത്. അന്വേഷണസംഘത്തിൽ എസ്ഐമാരായ അജിത്, രഞ്ജിത്, എഎസ്ഐമാരായ സാജിദ്, പ്രദീപ്, ഗോപകുമാർ, എസ്സിപിഒ. അനിൽകുമാർ, സിപിഒമാരായ വിഷ്ണു, അനീസ്, ശ്രീദേവ്, അനീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
Tags : Nattuvishesham District News