റോപ്പ് വേയുടെ പ്രാരംഭ പരിശോധന തുടങ്ങി
മുഹമ്മ: കായിപ്പുറം നിവാസികൾ പ്രതീക്ഷയുടെ പൂവാടിയിലാണ്. ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായി പാതിരാമണൽ ദ്വീപിനെ മാറ്റുന്നതിനായി നടപ്പാക്കുന്ന റോപ്പ് വേയുടെയും ഇക്കോ ടൂറിസം പദ്ധതിയുടെയും സർവേ നടപടികൾ ആരംഭിച്ചു. ദ്വീപിന്റെ മുഖ്യപ്രവേശന കവാടമായ കായിപ്പുറം ജെട്ടിയിലും ദ്വീപിലും കായൽ പ്രദേശങ്ങളിലും വിദഗ്ദ സംഘം സന്ദർശനം നടത്തി.
സാമ്പത്തിക ഉന്നമനത്തിനൊപ്പം തൊഴിൽസാധ്യതകളുടെ വലിയ വാതായനങ്ങൾകൂടി നാടിന് സമ്മാനിക്കുന്ന പദ്ധതിക്കാണ് പാതിരാമണൽ അണിഞ്ഞൊരുങ്ങുന്നത്. കുട്ടനാട് ബാക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽനിന്നുള്ള ടൂറിസ്റ്റ് ബോട്ടുകൾ നിറയെ യാത്രക്കാരുമായാണ് ദിവസേന ദ്വീപിൽ എത്തുന്നത്. മുഹമ്മ പഞ്ചായത്തിന്റെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കാൻ പര്യാപ്തമായ പദ്ധതിയാണിത്.
ദ്വീപിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രദേശമാണ് കായിപ്പുറം ബോട്ടുജെട്ടി.
കായിപ്പുറത്തു നിന്ന് ഒരു കിലോമീറ്റർ അകലം മാത്രമേ പാതിരാമണൽ ദ്വീപിലേക്കുള്ളൂ. മുഖ്യമന്ത്രി വി.ഡി. സതീശൻ ദ്വീപിന്റെ വികസന സാധ്യതകൾ മനസിലാക്കാൻ ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. 2012ൽ അഞ്ച് എംഎൽഎ മാരുമായി എത്തിയ അദ്ദേഹം കായിപ്പുറം ബോട്ടുജെട്ടിയിൽനിന്ന് പ്രത്യേക ബോട്ടിലാണ് ദ്വീപിലെത്തിയത്. കായിപ്പുറം സൗഹൃദവേദി വായനശാലയിൽ കുട്ടികളുമായി നടത്തിയ സംവാദത്തിലും പാതിരാമണൽ ദ്വീപ് വികസനത്തിന്റെ പ്രാധാന്യം സതീശൻ എടുത്ത് പറഞ്ഞിരിന്നു.
ആലപ്പുഴ, കോട്ടയം, എറണാകുളം മേഖലകളിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതും കായിപ്പുറത്തിന്റെ മെച്ചമാണ്. കായിപ്പുറം ജംഗ്ഷനിൽനിന്ന് ജെട്ടിവരെ ദേശീയപാതപോലെ വീതിയേറിയ റോഡാണുള്ളത്. ഇത് വാഹന ഗതാഗതം സുഗമമാക്കും. വാഹന പാർക്കിംഗ് സൗകര്യവും കയിപ്പുറം ജെട്ടിയിലുണ്ട്.
പാതിരാമണൽ ദ്വീപുമായി ബന്ധപ്പെട്ട് കഴിഞ്ഞിടെ നടപ്പാക്കിയ കുട്ടനാട് സഫാരി, ആംഫി തിയേറ്റർ, സോളാർ ബോട്ട് എന്നിവ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന സൃഷ്ടിച്ചിട്ടുണ്ട്.ടൂറിസത്തിന്റെ അപാരസാധ്യതകൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപാണ് പാതിരാമണൽ.
ബോട്ട് നിറയെ എത്തുന്ന സഞ്ചാരികൾ മനം നിറഞ്ഞാണ് ദ്വീപിൽ നിന്ന് മടങ്ങുന്നത്. കുട്ടികളുടെ പാർക്ക്, ഏറുമാടങ്ങൾ, നടവഴികൾ, വള്ളിയൂഞ്ഞാലുകൾ, വിശ്രമ വാടികൾ, നാടൻ ഭക്ഷണശാലകൾ എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു. വിനോദം പകർന്നുനൽകുന്ന വിവിധ കലാരൂപങ്ങളാണ് ദ്വീപിലെ ആംഫി തിയേറ്ററിൽ അരങ്ങേറുന്നത്. ഓലമേയൽ, കയർ പിരിത്തം, ഓലപന്ത് നിർമാണം, നാടൻപാട്ടുകളുടെ അവതരണം, പുതുമ നിറഞ്ഞ കലാരൂപങ്ങൾ, പരമ്പരാഗത മത്സ്യബന്ധന രീതികൾ എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നു.
Tags : Nattuvishesham District News