കായംകുളം: അടിപിടിക്കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് അക്രമാസക്തനാകുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. വനിതാ എ എസ്ഐ ഉൾപ്പെടെ രണ്ടുപോലീസുകാർക്ക് പരിക്കേറ്റു. വനിതാ എ എസ് ഐ പ്രിയ, സജീവ് എന്നീ പോലീസുദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.ഇതിൽ ഗുരുതര പരിക്കേറ്റ പ്രിയയെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായംകുളം സ്വദേശി റൈസല്‍ (32) ആണ് അക്രമാസക്തനായത്.ഇയാൾ പോലീസ് കസ്റ്റഡിയിലാണ് . സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: റൈസൽ മർദിച്ചെന്ന പരാതിയുമായി കായംകുളം സ്വദേശി തവക്കൽ താജ് എന്നയാൾ പോലീസ് സ്റ്റേഷനിൽ എത്തി. ഈ സമയം റൈസലും എത്തി. തന്നെ മർദിച്ചത് റൈസൽ ആണെന്ന് താജ് മൊഴി നൽകി. റൈസലിനോട് സ്റ്റേഷനുള്ളിലേക്ക് കയറി നിൽക്കാൻ പറഞ്ഞു. ഉടൻതന്നെ റൈസൽ ബഹളം വയ്ക്കുകയും അക്രമാസക്തനാകുകയുമായിരുന്നു. ഇയാളെ ഉടനെ സെല്ലിലേക്ക് മാറ്റാൻ പോലീസ് ശ്രമിച്ചു.
ഈ സമയം ഇയാൾ ഷർട്ട് ഊരി ആത്മഹത്യക്ക് ശ്രമിച്ചു. ഇതുകണ്ട എഎസ്ഐ പ്രിയ,സജീവ് എന്നിവർ ഇയാളെ തടയാൻ ശ്രമിച്ചു. ഈ സമയം പ്രിയയുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു. ശ്വാസംമുട്ടലുണ്ടായി പ്രിയയെ ഉടൻ തന്നെ കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags : Nattuvishesham District News