ഒല്ലൂർ: ടൗൺറോഡ് നിർമാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക് തുടരുന്നതിൽ അതൃപ്തി പുകയുന്നു. മാസങ്ങൾക്കു മുൻപ് തുടങ്ങിയ റോഡുപണി ഇതുവരെ പൂർത്തിയാകാത്തത് നാട്ടുകാർക്ക് ദുരിത മായി. റോഡ് നിർമാണ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ കൗൺസിലർ കരോളി ജോഷ്വ പ്രമേയം അവതരിപ്പിച്ചിരുന്നു. അശാസ്ത്രീയമായ കലുങ്ക് കാന നിർമാണം മൂലം കാനകളിൽ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്. ഈ വെള്ളം വീടുകളിലേക്കും ഇരച്ചുകയറുന്ന സ്ഥിതിയാണ്.
ഒല്ലൂർ ടൗൺ റോഡ് പരിധിയിൽപ്പെട്ട വടക്കേ അങ്ങാടി, ഹോളി എയ്ഞ്ചൽസ് സ്കൂൾ റോഡ്, പന്തൽ റോഡ് എന്നിവിടങ്ങളിലെ പ്രദേശവാസികൾ ആണ് ദുരിതത്തിൽ കഴിയുന്നത്. ഒല്ലൂർ പള്ളിക്കുസമീപം നിർമിച്ച കൾവർട്ടിൽ വാഹനങ്ങൾ കയറിയിറങ്ങാൻ പാടുപെടുകയാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിലെ കലുങ്ക് നിർമാണ പ്രവർത്തികൾ പൂർത്തിയാകാത്ത ത് അപകടങ്ങൾക്കും വഴി വെക്കുന്നുണ്ട്.
റോഡിലെ വെള്ളക്കെട്ട് യാത്രികർക്കും വാഹനങ്ങൾക്കും പൊതുജനങ്ങൾക്കുംദുരിതമാകുന്നുണ്ട്. നിർമാണ പ്രവൃത്തികൾ മാസങ്ങളായി പൂർത്തീകരിക്കാതെകിടക്കുകയാണെന്ന് കൗൺസിലർ കരോളി ജോഷ്വ പറഞ്ഞു. കാനകൾ സ്ലാബില്ലാതെ തുറന്നുകിടക്കുന്നത് സംബന്ധിച്ച പരാതി പൊതുമാരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് നാട്ടുകാർ നേരത്തെ നൽകിയിരുന്നു. എന്നാൽ പരാതി നൽകിയിട്ടും റോഡ് നിർമാണ പ്രവർത്തികൾ അനന്തമായി നീളുന്ന സ്ഥിതിയാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് നിർമാണ പ്രവർത്തികൾ തുടങ്ങിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും എങ്ങും എത്താത്ത സ്ഥിതിയാണ്. പാലയ്ക്കലിൽ റോഡു പണി നടക്കുന്നതിനാൽ പെരുമ്പിള്ളിശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടി ഇതുവഴി വന്നതോടെ റോഡിൽ തിരക്കേറിയ സ്ഥിതിയാണ്.
Tags : Nattuvisesham District News