കോഴഞ്ചേരി: പച്ചക്കറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും അനിയന്ത്രിതമായി വില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റി.
ഉള്ളി ഇനങ്ങളുടെ വില വര്‍ധനയാണ് വീട്ടമ്മമാരെ വട്ടംചുറ്റിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള ചെറിയ ഉള്ളിക്ക് നിലവില്‍ 80 മുതല്‍ 90 രൂപവരെയാണ്. 40 - 50 ല്‍ നിന്നാണ് ഉള്ളിയുടെ വില ഇത്രയും ഉയര്‍ന്നത്. ഒരു കിലോ സവാളയ്ക്ക് 40 രൂപയാണ് ഇപ്പോഴത്തെ വിപണി വില. 20 രൂപയുടെ വര്‍ധനയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നാണ് മുന്തിയ ഇനം സവാള സംസ്ഥാനത്ത് എത്തുന്നത്. വെളുത്തുള്ളിക്ക് 280 മുതല്‍ 320 രൂപ വരെയാണ് വില. മധ്യപ്രദേശ്, സേലം എന്നിവിടങ്ങളില്‍ നിന്നാണ് വെളുത്തുള്ളി എത്തുന്നത്. 120 രൂപയില്‍ നിന്നാണ് ഇത്രയധികം വില വര്‍ധന ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ വെളുത്തുള്ളിയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. 140 രൂപയാണ് ഇതിന്റെ വില. ഒരു ദിവസത്തില്‍ കൂടുതല്‍ ഇത് സംരക്ഷിക്കാനുമാകുന്നില്ല.
വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കെല്ലാം ഉള്ളി ഇനങ്ങള്‍ അവിഭാജ്യഘടകമാണ്. ഇഞ്ചിയുടെ വില കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 40 രൂപയാണ് കൂടിയത്. കര്‍ണാടകയില്‍ നിന്നാണ് ഇഞ്ചി കേരളത്തില്‍ എത്തുന്നത്. 240 രൂപയില്‍നിന്നാണ് 250 രൂപയിലേക്ക് ഉയര്‍ന്നത്. ഗുണനിലവാരം കുറഞ്ഞ ഇഞ്ചിക്ക് 100 രൂപയാണ് വില. ഊട്ടിയില്‍ നിന്നുള്ള കാരറ്റിന് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ്. 60 രൂപ വിലയുണ്ടായിരുന്ന കാരറ്റിന് ഇപ്പോള്‍ 95 മുതല്‍ 100 രൂപ വരെ എത്തിനില്‍ക്കുന്നു. മേട്ടുപ്പാളയത്ത് നിന്ന് സംസ്ഥാനത്ത് എത്തുന്ന ബീറ്റ്റൂട്ടിന്റെ വിലയും 40 ല്‍ നിന്ന് 80 ല്‍ എത്തിനില്‍ക്കുന്നു.
ചെറുപഴത്തിനും വില കൂടി
ആറന്മുളയില് വള്ളസദ്യക്കാലം ആരംഭിച്ചതോടെ ഞാലിപ്പൂവന് പഴത്തിന്റെ വില ഇരട്ടിയായി. 60 രൂപയ്ക്ക് ലഭിച്ചിരുന്ന ഞാലിപ്പൂവന് പഴം ഇപ്പോള്‍ 100 മുതല്‍ 120 വരെ രൂപയ്ക്കാണ് പൊതുവിപണിയില്‍ ലഭിക്കുന്നത്. എന്നാല്‍ പാളയംകോടന് പഴത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞിരിക്കുകയാണ്. നാടന്‍ ഏത്തക്കായ്ക്ക് ഇലന്തൂര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം കിലോഗ്രാമിന് 82 രൂപയായിരുന്നു വില. വയനാടന്‍ ഏത്തക്കായ്ക്ക് ചെറുകിട കച്ചവടക്കാര്‍ക്ക് 50 രൂപയ്ക്കാണ് ലഭിക്കുന്നത്. 65 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതിന് കാരണമായി പറയുന്നത് കാളമുണ്ടന് ഒന്നരകിലോ കുറച്ചാണ് മൊത്തക്കച്ചവടക്കാര്‍ നലകുന്നത് എന്നാണ്. നാളികേരത്തിന്റെ വിലയിലും വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോയ്ക്ക് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു കിലോ തൂക്കിയാല്‍ വലിപ്പം അനുസരിച്ചാണ് വില ഈടാക്കുന്നത്.
മേട്ടുപ്പാളയത്തിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 20 രൂപ നല്‍കിയാണ് ചെറുകിട കച്ചവടക്കാര്‍ വാങ്ങി വില്പന നടത്തിയിരുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് കുറഞ്ഞത് 35 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ലാഭകരമാകൂ എന്നതിനാല്‍ മേട്ടുപ്പാളയത്ത് വാഴക്കൃഷി കുറഞ്ഞുതുടങ്ങി. ഇന്ധനവിലയിലെ വര്‍ധനയും ജോലിച്ചെലവും കാരണം നഷ്ടം സഹിച്ച് ഏത്തക്കുല ബിസിനസ് നടത്താന്‍ കഴിയില്ലെന്നാണ് ചെറുകിട കച്ചവടക്കാര്‍ പറയുന്നത്. തിരുനെല്‍വേലിയില്‍ നിന്നും മറ്റുമുള്ള പച്ചക്കറി വരവും കുറഞ്ഞിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഗള്‍ഫ് മേഖലയില്‍ തൊഴിലാളികളുടെ വരുമാനത്തില്‍ ഉണ്ടായ കുറവും ജോലി നഷ്ടപ്പെടുന്ന വ്യാകുലതയും പച്ചക്കറി വ്യവസായത്തെയും അതീവ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് കോഴഞ്ചേരി പ്രമുഖ പച്ചക്കറി മൊത്തവ്യാപാരിയായ ജി. അജീഷ്കുമാര്‍ പറഞ്ഞു.