ചെറുതോണി: കരിമ്പൻ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കൈയടക്കിയതോടെ ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നടുറോഡിൽ. ബസ് സ്റ്റാന്‍ഡിലെ അനധികൃത പാർക്കിംഗ് സർവീസ് ബസുകൾക്കും നാട്ടുകാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
അടിമാലി - കുമളി ദേശീയപാതയിൽ കരിമ്പൻ ടൗണിലെ ബസ് സ്റ്റാന്‍ഡിലാണ് സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. കാറുകളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ ബസ് സ്റ്റാന്‍ഡ് പരിസരം കൈയടക്കുന്നതോടെ ബസുകൾക്ക് സ്റ്റാൻഡിൽ കയറാൻ കഴിയാതെവരുന്നു. ദേശീയപാതയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്ക് സ്റ്റാന്റിൽ കയറാൻ കഴിയാതെ മുൻഭാഗത്തെ റോഡിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനാൽ ബസ് യാത്രക്കാർ മാത്രമല്ല, മറ്റ് വാഹന യാത്രക്കാരും ദുരിതത്തിലാവുകയാണ്.
കുമളി- എറണാകുളം, അടിമാലി- കട്ടപ്പന, ചെറുതോണി- വണ്ണപ്പുറം- തൊടുപുഴ, ചെറുതോണി - മുരിക്കാശേരി - തോപ്രാംകുടി തുടങ്ങിയ ചെറുതും വലുതുമായ നിരവധി സ്വകാര്യ ബസുകൾ കരിമ്പൻ സ്റ്റാന്റിലൂടെ കയറിയിറങ്ങി പോകുന്നതാണ്. പൊതുവേ വിസ്തൃതി കുറഞ്ഞ റോഡ് വക്കിലാണ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നത്. എതിർ ദിശയിൽനിന്നു വരുന്ന വാഹനങ്ങൾക്ക് പരസ്പരം കടന്നു പോകാൻപോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ സ്റ്റാന്‍ഡ് കൈയേറി പാർക്ക് ചെയ്യുന്നത്.
നിരവധിത്തവണ നാട്ടുകാർ ഇക്കാര്യം വാഴത്തോപ്പ് പഞ്ചായത്തിലും മോട്ടോർ വാഹന വകുപ്പിലും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന തിരക്കേറിയ സമയങ്ങളിലാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. നേരത്തെ വാഴത്തോപ്പ് പഞ്ചായത്ത് ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഒരു വർഷത്തിലധികമായി ഇവയെല്ലാം പ്രവർത്തനരഹിതമാണ്. രാത്രിയായാൽ വെളിച്ചവുമില്ല. ഇതോടെ സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധരുടെ താവളമാകും.
ബസ് റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടയിൽ യാത്രക്കാരൻ എതിരേ വന്ന വാഹനമിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. മുൻപ് അറിയിപ്പ് ബോർഡും സ്വകാര്യ വാഹനങ്ങൾ തിരിച്ചുവിടാൻ പൊലിസുമുണ്ടായിരുന്നു. ഇതെല്ലാം നിന്നതോടെ യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് സ്റ്റാൻഡിന് മുന്നിലെ റോഡിലായി. അടിയന്തരമായി അധികൃതർ ഇടപെടണമെന്നും സ്റ്റാന്‍ഡിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.