കൽപ്പറ്റ: കാപ്പിക്കൃഷി കാർഷിക വിളകളുടെ ഇൻഷ്വറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമ പദ്ധതിയിൽ ഉൾപെടുത്തുന്നതിന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയലിന് കത്ത് നൽകി.
വയനാട്ടിൽ കാപ്പിക്കർഷകരുമായി പ്രിയങ്ക ഗാന്ധി നേരത്തേ നടത്തിയ കൂടിക്കാഴ്ചയിൽ ഉയർന്ന പ്രധാന ആവശ്യമായിരുന്നു ഇത്. പ്രതികൂല കാലാവസ്ഥയിൽ വിളനാശം സംഭവിക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം പദ്ധതിയിലൂടെ ഉറപ്പാക്കാൻ കഴിയും. ഇതുസംബന്ധിച്ച് മന്ത്രാലയത്തിനു കോഫി ബോർഡ് ശിപാർശ നൽകിയിട്ടുണ്ട്.
ചെങ്കുത്തായ ഭൂപ്രദേശത്ത് ഡ്രിപ് ഇറിഗേഷനു നൽകുന്ന സബ്സിഡി പര്യാപ്തമല്ല. കാപ്പിച്ചെടികൾ റീ പ്ലാന്റ് ചെയ്യുന്നതിനുള്ള സബ്സിഡി ചെടികൾ മുഴുവനായി പിഴുതുമാറ്റുന്നതിന് മാത്രമാണ് ലഭിക്കുന്നത്.
ഗ്രാഫ്റ്റിംഗ് ഉൾപ്പടെ പുതിയ രീതികൾക്കും സബ്സിഡി നൽകണം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടതടക്കം കർഷകരുള്ള ജില്ലയിൽ സബ്സിഡിയുടെ ഉയർന്ന പരിധി ജലസേചനത്തിനുൾപ്പടെ നിക്ഷേപം നടത്തുന്നതിൽ തടസമുണ്ടാക്കുന്നുണ്ട്. സബ്സിഡി പരിധി കർഷകർക്ക് ഗുണം ചെയ്യുന്ന വിധത്തിൽ പുനർനിശ്ചയിക്കണം.
ഉന്നത ഗുണനിലവാരമുള്ള കാപ്പി ഉദ്പാദനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ജില്ലയിലെ കർഷകർക്ക് ഉദ്പാദനക്ഷമത വർധിപ്പിക്കാൻ കഴിയുന്ന രീതിയിൽ സർക്കാർ പദ്ധതികൾ പരിഷ്കരിക്കണമെന്നും കത്തിൽ അഭ്യർഥിച്ചു.