റസ്ലിംഗ് ഷോ പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്ത പച്ച എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തുവിട്ടു. ചത്താ പച്ച എന്ന ടൈറ്റിലിൽത്തന്നെയാണ് ഗാനം എത്തിയിരിക്കുന്നത്.
ബോളിവുഡിലെ മാസ്മര സംഗീതത്തിന്റെ ശിൽപ്പികളായ ശങ്കർ ഇഹ്സാൻ ലോയ് ടീം ഒരുക്കിയ ഈ ഗാനം യുവതലമുറയെ ഏറെ ആകർഷിക്കും വിധത്തിൽ അവരുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പമുള്ള ഒരു ഗാനമാണിത്. ഇഷാൻ ഷൗക്കത്താണ് ഈ ഗാനരംഗത്തിൽ ലീഡുചെയ്യുന്നത്. മാർക്കോയിലെ വിക്ടർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഇഷാൻ ഷൗക്കത്ത് ഈ ചിത്രത്തിൽ ലിറ്റിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്.
ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിംഗ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ്.
ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിംഗ് എന്നിവരും പങ്കാളികളാകുന്നുണ്ട്.