അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ മെഡിക്കേഷൻ സേഫ്റ്റി ഓഡിറ്റും നഴ്സിംഗ് ക്വാളിറ്റി അഷ്വറൻസ് പ്രവർത്തനങ്ങളും ശക്തമാക്കി. രോഗികൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കുന്നതിനും ആശുപത്രിയിലെ ഗുണനിലവാര സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണിത്.
മെഡിക്കൽ സൂപ്രണ്ട് ഡോ.പി. ലക്ഷ്മി, ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ജോർജ്, സ്റ്റോർ സൂപ്രണ്ട് സി.ഐ. ബോബി എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ വിഭാഗങ്ങളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. മരുന്നു നൽകുന്നതിലെ പിഴവുകൾ തടയുക, കാലാവധി കഴിഞ്ഞ മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുക, മരുന്നുകളുടെ സുരക്ഷിതമായ സംഭരണവും കൈകാര്യം ചെയ്യലും ഉറപ്പാക്കുക എന്നിവയുടെ ഭാഗമായി ബന്ധപ്പെട്ട ജീവനക്കാർക്ക് മെഡിക്കേഷൻ സേഫ്റ്റി പരിശീലനം നൽകി.