ന്യൂഡൽഹി: പാൻ മസാല വ്യവസായി കമൽ കിഷോർ ചൗരസ്യയുടെ മരുമകൾ ജീവനൊടുക്കി. ദീപ്തി ചൗരസ്യ(40) ആണ് മരിച്ചത്. സൗത്ത് ഡൽഹിയിലെ വസന്ത് വിഹാറിലെ വസതിയിൽ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കമൽ കിഷോറിന്റെ മകൻ ഹർപ്രീത് ആണ് ദീപ്തിയുടെ ഭർത്താവ്. മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കുറിപ്പിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല.
"ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരു ബന്ധത്തിൽ സ്നേഹവും വിശ്വാസവും ഇല്ലെങ്കിൽ, ജീവിതത്തിന്റെ അർഥമെന്താണ്?' എന്നാണ് കുറിപ്പിലുള്ളത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാകാം ദീപ്തി മരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
ദീപ്തിയും ഹർപ്രീതും 2010ലാണ് വിവാഹിതരായത്. ഇവർക്ക് 14 കാനായ മകനുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.