ചെന്നൈ: വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത എഐഎഡിഎംകെ വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കർ ജെ.സി.ഡി.പ്രഭാകർ തള്ളി. എഐഎഡിഎംകെയിലെ മുതിർന്ന നേതാക്കളായ ഷൺമുഖം, എസ്.പി.വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 25 എംഎൽഎമാരാണ് കൂറുമാറിയത്.
പാർട്ടി വിപ്പ് ലംഘിച്ചെന്നും ഇവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി സമീപിക്കുകയായിരുന്നു.
എന്നാൽ വോട്ടെടുപ്പിനു ശേഷം വിമതരിൽ അഞ്ച് എംഎൽഎമാർ തിരികെ ഇപിഎസ് ക്യാമ്പിലേക്ക് മടങ്ങിയതോടെ നിലവിൽ പളനിസ്വാമിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 27 ആയി ഉയർന്നിട്ടുണ്ട്.
നിയമപ്രകാരം മറ്റൊരു പാർട്ടിയിൽ ലയിക്കണമെങ്കിൽ നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. എഐഎഡിഎംകെയുടെ കാര്യത്തിൽ ഇതിന് 31 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. നിലവിൽ വിമതർക്ക് ആ സംഖ്യ തികയ്ക്കാനായിട്ടില്ല.
എങ്കിലും ഇരുവിഭാഗവും പരസ്പരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുകയായിരുന്നു. ഇതിൽ വിജയ്യെ പിന്തുണച്ച 21 പേർക്കെതിരെയുള്ള ഹർജിയാണ് സ്പീക്കർ ഇപ്പോൾ തള്ളിയത്.