ന്യൂഡൽഹി: ആർത്തവപ്രായത്തിലുള്ള സ്ത്രീകൾക്കു ശബരിമല അയ്യപ്പക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതിയുടെ 2018ലെ വിധിന്യായത്തിലാണ് പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.
ദർഗകളിലോ മോസ്കുകളിലോ ഉള്ള മുസ്ലിം സ്ത്രീകളുടെ പ്രവേശനം, പാഴ്സി അല്ലാത്ത ഒരാളെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ പാഴ്സി സ്ത്രീകൾക്ക് അഗ്നി ക്ഷേത്രങ്ങളിൽ പ്രവേശനം, ദാവൂദി ബോറ സമൂഹത്തിലെ ഭ്രഷ്ട്, ചേലാകർമം എന്ന പേരിലുള്ള സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദം തുടങ്ങിയ ആചാരങ്ങളുടെ സാധുതയുമായി ബന്ധപ്പെട്ട ഹർജികളും ഇതോടൊപ്പം പരിഗണിച്ചു.
ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടാണ് 2018ൽ സുപ്രീംകോടതി 4:1 എന്ന ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. "ഭക്തിയെ ലിംഗവിവേചനത്തിനു വിധേയമാക്കാൻ കഴിയില്ല’ എന്നായിരുന്നു അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ഭൂരിപക്ഷ വിധി. ബെഞ്ചിലെ ഏക വനിതാ ജഡ്ജി ജസ്റ്റീസ് ഇന്ദു മൽഹോത്ര വിയോജിച്ചു.
ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം നിരോധിച്ച 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയങ്ങൾ (പ്രവേശന അധികാരം) ചട്ടങ്ങളിലെ റൂൾ 3(ബി) ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കി. അയ്യപ്പ ഭക്തർ പ്രത്യേക മതവിഭാഗത്തിൽ ഉൾപ്പെടില്ലെന്നു ചീഫ് ജസ്റ്റീസ് വിധിച്ചു.
നേരത്തേ 2020 ജനുവരിയിലും ഇതേ വിഷയങ്ങൾ പരിഗണിക്കുന്നതിനായി ഒന്പത് ജഡ്ജിമാരുടെ ബെഞ്ച് സുപ്രീംകോടതി രൂപീകരിച്ചിരുന്നു.അന്നത്തെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസുമാരായ ആർ. ബാനുമതി, അശോക് ഭൂഷണ്, എൽ. നാഗേശ്വര റാവു, മോഹൻ എം. ശാന്തനഗൗഡർ, എസ്. അബ്ദുൾ നസീർ, ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായ്, സൂര്യകാന്ത് (ഇപ്പോൾ ചീഫ് ജസ്റ്റീസ്) എന്നിവരായിരുന്നു അംഗങ്ങൾ.