ഹരിപ്പാട്: ദേശീയപാത വികസനം നടക്കുന്ന താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷനു സമീപം നിർമാണം നടക്കുന്ന പ്രധാന റോഡ് ഇടിഞ്ഞുതാഴ്ന്ന് വാഹനം അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. ഹരിപ്പാട് ഭാഗത്തേക്ക് വാഴക്കുലകളുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് റോഡ് ഇടിഞ്ഞതിനെത്തുടർന്ന് കുടുങ്ങിയത്.
സർവീസ് റോഡിൽനിന്നും പ്രധാന റോഡിലേക്കു കയറുന്നതിനിടെ, ടാർ ചെയ്ത ഭാഗം വലിയ ഭാരത്തോടെയുള്ള വാഹനം താങ്ങാനാവാതെ തകരുകയായിരുന്നു. റോഡിന്റെ വശം വൻതോതിൽ താഴേക്ക് ഇടിഞ്ഞതോടെ വാഹനത്തിന്റെ പുറകിലെ വലതുചക്രം അതിലേക്ക് താഴ്ന്നുപോയി. വാൻ ഒരുവശത്തേക്ക് ചരിഞ്ഞ് അപകടാവസ്ഥയിലായതിനെതുടർന്ന് ഈ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസപ്പെട്ടു.
തുടർന്ന് പ്രദേശവാസികളും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് വാഹനം തള്ളിമാറ്റിയത്. പിന്നീട് ദേശീയപാത നിർമാണ കരാർ കമ്പനിയുടെ ജീവനക്കാരെത്തിയാണ് ഇതുവഴിയുള്ള വാഹനങ്ങൾ തിരിച്ചുവിട്ടത്. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അനാസ്ഥയുമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞദിവസവും താമല്ലാക്കൽ ജംഗ്ഷന് തെക്കുവശത്ത് നിർമാണം നടക്കുന്ന ഭാഗത്ത് വെള്ളം കയറി വാഹനങ്ങൾ നിന്നുപോവുകയും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തിരുന്നു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ യാതൊരുവിധ ഗൗരവവും കാണിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.