പത്തനംതിട്ട: വർഷങ്ങൾക്കു മുന്പ് ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയ പത്തനംതിട്ട കളക്ടറേറ്റ് വളപ്പ് വാഹനങ്ങളുടെ ശവപ്പറന്പായി മാറുന്നു. കളക്ടറേറ്റ് കവാടം മുതൽ അങ്കണംവരെ എത്തുന്ന റോഡിന്റെ വശങ്ങളിലാണ് പഴയ സർക്കാർ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങളാണ് റോഡരികിലേക്ക് മാറ്റിയിരിക്കുന്നത്. വീതികുറഞ്ഞ റോഡിന്റെ അരികുകൾ പഴയ വാഹനങ്ങൾ കൈയടക്കിയതോടെ സുഗമമായ യാത്രയ്ക്കും പാർക്കിംഗിനും സ്ഥലമില്ലാതായി.
കളക്ടറേറ്റിലേക്കുള്ള റോഡ് ടാർ ചെയ്തിട്ടും വർഷങ്ങളായി. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റേതടക്കമുള്ള ജില്ലാ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കളക്ടറേറ്റ് വളപ്പിലേക്ക് കയറുന്ന റോഡിന്റെ സ്ഥിതിയാണ് അതീവ ശോചനീയാവസ്ഥയിലായത്. ടാറിളകി മെറ്റൽ നിരന്നു കിടക്കുന്നതിനാൽ വാഹനങ്ങളുടെ യാത്രയ്ക്കും തടസമുണ്ട്. സമീപകാലത്ത് കളക്ടറേറ്റ് വളപ്പിലെ ആസൂത്രണ സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്തപ്പോൾ റോഡുകൂടി മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
കളക്ടറേറ്റ് പ്രധാന അങ്കണത്തിൽ പാർക്കിംഗിനു സ്ഥലപരിമിതിയുണ്ട്. ഇതിനൊപ്പം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റേതടക്കം പുനർനിർമാണം നടന്നുവരുന്നുണ്ട്. ഈ ആവശ്യത്തിലേക്ക് സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾ കൂടിയാകുന്പോൾ കളക്ടറേറ്റ് പാതയിൽ ഗതാഗതം കുരുങ്ങുന്ന സ്ഥിതിയുണ്ട്. കളക്ടറേറ്റിന്റെ താഴത്തെ നില പാർക്കിംഗിനായി വേർതിരിച്ചിട്ടതാണ്. എന്നാൽ കൃത്യമായ പാർക്കിംഗ് സംവിധാനം ഇല്ലാത്തതിനാൽ ഇവിടെയും ക്രമീകൃതമായ സംവിധാനമില്ല.
ജില്ലാതല ഉദ്യോഗസ്ഥരുടെ വാഹനംപോലും പാർക്കു ചെയ്യാൻ ഇടമില്ലാത്ത സ്ഥിതിയുണ്ട്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാർക്കാരുടെ പാർക്കിംഗിനു സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. കളക്ടറേറ്റും ഇതുമായി ബന്ധപ്പെട്ട പ്രധാന ഓഫീസുകളും ആസൂത്രണ സെക്രട്ടേറിയറ്റും ജില്ലാ പഞ്ചായത്ത് ഓഫീസും ജില്ലാ മെഡിക്കൽ ഓഫീസുമടക്കം തിരക്കുകളേറെയുള്ള സ്ഥലമാണ് കളക്ടറേറ്റ് അങ്കണം.
മന്ത്രിമാർ പങ്കെടുക്കുന്ന ജില്ലാതല അവലോകന യോഗങ്ങൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ പങ്കെടുക്കുന്ന മറ്റു പ്രധാന യോഗങ്ങൾ പലപ്പോഴുമുണ്ട്. കൂടുതൽ വാഹനങ്ങൾ എത്തുന്പോഴേക്കും തിരക്ക് രൂക്ഷമായിരിക്കും.
കളക്ടറേറ്റിലെ ശൗചാലയങ്ങളുമായി ബന്ധപ്പെട്ടു നേരത്തേതന്നെ പരാതിയുണ്ട്. സെല്ലാർ ബ്ലോക്കിൽ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിച്ചിട്ടില്ല. കളക്ടറേറ്റും പരിസരവും മനോഹരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വർഷങ്ങളായി നിലച്ചിരിക്കുകയാണ്. എസ്. ഹരികൃഷ്ണൻ കളക്ടറായിരുന്ന കാലയളവിലാണ് ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്. പത്തുവർഷങ്ങൾ പിന്നിട്ടതോടെ നേരത്തേ ലഭിച്ച സർട്ടിഫിക്കറ്റിന്റെ വില പോലും നഷ്ടപ്പെട്ട സ്ഥിതിയാണ്.