പാലാ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ റൗണ്ടാനയും സൗന്ദര്യവത്കരണവും
പാലാ: കെ.എം. മാണി ബൈപാസ് റോഡിലെ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ റൗണ്ടാന നിര്‍മാണത്തിനും സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ മാണി എംപി. പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി റൗണ്ടാന നിര്‍മാണം, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കല്‍, സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, റൗണ്ടാനയ്ക്കുള്ളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവ നടപ്പാക്കും. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
റൗണ്ടാന നിര്‍മാണത്തിനും സൗന്ദര്യവലത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 25 ലക്ഷം രൂപയും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും ഉള്‍പ്പെടെയാണ് 30 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത്. നിര്‍മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നാറ്റ്പാക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ഡിസൈന്‍ തയാറാക്കിയത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സിവില്‍ സ്റ്റേഷന് ജംഗ്ഷനിലൂടെ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകള്‍ നേരിടുന്ന യാത്രാബുദ്ധിമുട്ടുകള്ക്കും ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.