വാഷിംഗ്ടൺ: റഷ്യയിൽനിന്ന് അമേരിക്കയിലേക്ക് ഡീസൽ ഇറക്കുമതി ചെയ്യാൻ ധാരണ. അമേരിക്കൻ പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യൻ പ്രസിഡന്റ് പുടിൻ ഇതിനു സമ്മതിച്ചതായി ട്രംപ് പറഞ്ഞു. ട്രംപിന്റെ നീക്കം പുടിനുള്ള സമ്മാനമാണെന്ന് റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നിലെ പ്രസിഡന്റ് സെലൻസ്കി പ്രതികരിച്ചു.
ഇറാൻ യുദ്ധം മൂലം ഇന്ധനവില ഉയർന്നത് നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ അമേരിക്കൻ ഭരണണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് റഷ്യയുമായി ഈ അസാധാരണ കരാർ ഉണ്ടാക്കാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും റഷ്യ ഉടൻതന്നെ മൂന്നു ലക്ഷം ടൺ ഡീസൽ നല്കുമെന്നാണ് ട്രംപ് അറിയിച്ചത്. നവംബറിൽ അഞ്ചു ലക്ഷം ടണ്ണും അതിനുശേഷം പത്തു ലക്ഷം ടണ്ണും ഇതുപോലെ റഷ്യ നല്കും.
ഇതിനുപകരമായി യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ ഡീസൽ കയറ്റുമതിക്കുമേൽ ചുമത്തിയ ഉപരോധങ്ങൾ ഏപ്രിൽ ഏഴുവരെ അമേരിക്ക മരവിപ്പിക്കും. റഷ്യക്കെതിരായ മറ്റ് ഉപരോധങ്ങൾ തുടരും. അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും പെട്രോളിയം ഉത്പന്നങ്ങൾ നല്കാൻ റഷ്യ തയാറാണെന്ന് പ്രസിഡന്റ് പുടിനും അറിയിക്കുകയുണ്ടായി. എന്നാൽ ഇതിന്റെ അളവ് അദ്ദേഹം വ്യക്തമാക്കിയില്ല.
അതേസമയം, ഇത്രയും ഡീസൽ നല്കാനുള്ള ശേഷി റഷ്യക്കു നിലവിലുണ്ടോ എന്നും ഇത്രയും ഡീസൽകൊണ്ട് അമേരിക്കയിലെ ഇന്ധനവില പിടിച്ചുനിർത്താനാകുമോ എന്നും സംശയം ഉയർന്നു. മൂന്നു ലക്ഷം ടൺ ഡീസൽ എന്നത് ഏതാണ്ട് 22 ലക്ഷം വീപ്പ വരും. അമേരിക്കയിലെ പ്രതിദിന ഡീസൽ ഉപയോഗം 38 ലക്ഷം വീപ്പയാണെന്ന് ചില വിദഗ്ധർ പറഞ്ഞു.
യുക്രെയ്ൻ സേന നിരന്തരം എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തുന്നതു കാരണം റഷ്യയിൽ അടുത്തകാലത്ത് വലിയ ഇന്ധനക്ഷാമം ഉടലെടുത്തിരുന്നു. ഈ വർഷത്തിന്റെ തുടക്കം മുതൽ റഷ്യ ഡീസൽ കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്. റഷ്യയുടെ ഡീസൽ ഉത്പാദന ശേഷി 30 ശതമാനമായി ചുരുങ്ങി.
നവംബർ മൂന്നിന് അമേരിക്കയിൽ നടക്കുന്ന മിഡ്ടേം തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ. ഇറാൻ യുദ്ധം ട്രംപ് ഭരണകൂടത്തിന്റെ ജനപ്രീതി ഇടിച്ചു. ഗൾഫിൽനിന്നുള്ള എണ്ണക്കയറ്റുമതി തടസപ്പെട്ടത് അമേരിക്കൻ വിപണിയിൽ പ്രതിഫലിച്ചതാണ് കാരണം.
അമേരിക്കയുമായുള്ള ഡീസൽ ഇടപാടിൽനിന്നു ലഭിക്കുന്ന പണം ഉപയോഗിച്ച് റഷ്യ കൂടുതൽ ആക്രമണങ്ങൾ നടത്തി ഭീകരത വിതയ്ക്കുമെന്ന് സെലൻസ്കി സോഷ്യൽ മീഡിയയിൽ കുറിച്ചു.