തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങളുമായി ബിജെപി നേതാവ് എസ്.സുരേഷ്. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ നടത്തിയത്. പ്രഥമദൃഷ്ട്യാ മാനസികരോഗിയുടെ ലക്ഷണങ്ങൾ രാഹുൽ ഗാന്ധി പ്രകടിപ്പിക്കുന്നുവെന്നാണ് സുരേഷിന്റെ ആരോപണം.
മാനസികരോഗമല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുന്ന എന്തോ രാഹുൽ ഗാന്ധി സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയിക്കാവുന്ന തരത്തിലുള്ള ഉദാഹരണങ്ങൾ സമകാലിക രാഷ്ട്രീയത്തിലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. രാഹുൽ ഗാന്ധിക്ക് ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യമാണെന്നും ഇന്ത്യ തന്റെ കുടുംബസ്വത്താണെന്ന് പഠിപ്പിച്ചുവിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സുരേഷ് കുറിച്ചു.
അധികാരം നഷ്ടപ്പെട്ട രാജകുടുംബാംഗങ്ങളെയും ജന്മനാ പരാജയങ്ങളായ രാജകുമാരന്മാരെയും പരാമർശിച്ചും അദ്ദേഹം രാഹുൽ ഗാന്ധിയെ വിമർശിച്ചു. മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിന് രാഹുൽ ഗാന്ധിയെയും ചികിത്സിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അതേസമയം ആർ. ശ്രീലേഖയുടെ പ്രസംഗത്തിനെതിരെ കേസ് എടുത്താൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സുരേഷ് വ്യക്തമാക്കി.