ന്യൂയോര്‍ക്ക്: ലോക അത്ലറ്റിക്സിലെ ഉത്തേജകവിരുദ്ധ കാവല്‍ക്കാരായി പ്രവര്‍ത്തിക്കുന്ന അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ്സ് (എഐയു) പുറത്തുവിട്ട റെജിസ്റ്റേർഡ് ടെസ്റ്റിംഗ് പൂള് (ആര്‍ടിപി) പട്ടികയില്‍ ഇന്ത്യയില്‍നിന്ന് നീരജ് ചോപ്രയും സച്ചിന് ദേവും മാത്രം.
ലോകത്തിലെ എലൈറ്റ് ക്ലാസ് അത്ലറ്റുകളാണ് ആര്ടിപിയില് ഉണ്ടാകുക. ചുരുങ്ങിയത് 30 വീതം പുരുഷ-വനിതാ താരങ്ങളെയാണ് ആര്ടിപിയില് ഉള്‍പ്പെടുത്തുന്നത്. 2026 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറിലേക്കുള്ള പട്ടികയിലാണ് ഇന്ത്യന്‍ ജാവലിന്‍ത്രോ താരങ്ങളായ നീരജും സച്ചിനും ഉള്‍പ്പെട്ടത്.
രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്ര പട്ടികയിലെ സ്ഥിരാംഗമാണ്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് സച്ചിന് ആദ്യമായി ആര്ടിപിയില് ഉള്‍പ്പെട്ടത്. 86.27 മീറ്ററുമായി സച്ചിന് ദേവ് കരിയറിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയിരുന്നു.
ആര്ടിപിയില് ഉള്‍പ്പെടുന്ന താരങ്ങള്‍ അവരുടെ വീട്ടുവിലാസം അടക്കം നല്‍കണം. എല്ലാ ദിനവും ഉത്തേജക പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുകയും വേണം.
അവസാനം പുറത്തിറങ്ങിയ ആര്ടിപിയില് മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കര്‍, ജെസ്വിന് ആള്ഡ്രിന്, സ്റ്റീപ്പിള്‍ചേസര്‍ അവിനാശ് സാബ്ലെ, വനിതാ ജാവലിന്‍താരം അന്നു റാണി, പുരുഷ ജാവലിൻ താരം കിഷോര്‍ ജെന തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു.