പാലക്കാട്: മൂന്നുദിവസത്തെ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു. ജില്ലാ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവം ‘ജ്വാല 2026’ന് തുടക്കമായി. വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ നടന്ന ഉദ്ഘാടനചടങ്ങിൽ പിഡിഎസ്എസ്സി പ്രസിഡന്റും ക്രിയേറ്റീവ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ കെ. സോണിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ മാനേജരുമായ ഫാ. ജോഷി പുലിക്കോട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ട്രഷററും സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ പ്രിൻസിപ്പലുമായ ഫാ.കെ.വി. ആന്റോ സ്വാഗതം പറഞ്ഞു. കലോത്സവത്തിന്റെ അസോസിയേറ്റ് കണ്‍വീനറും സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലെ വൈസ് പ്രിൻസിപ്പലുമായ സന്ധ്യാ തോമസും പങ്കെടുത്തു.
മൂന്നുദിനങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ 73 വിദ്യാലയങ്ങളിൽ നിന്നായി 4,356 വിദ്യാർഥികൾ പങ്കെടുക്കുന്നു. ഇന്നത്തെ മത്സരങ്ങൾ ലയണ്‍സ് സ്കൂളിലാണ് നടക്കുന്നത്.
വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സർഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വിദ്യാലയങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായാണ് ‘ജ്വാല 2026’ സംഘടിപ്പിക്കുന്നത്. കലോത്സവത്തിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് പിഡിഎസ്എസ്സി ജോയിന്റ് സെക്രട്ടറിയും ലയണ്‍സ് സ്കൂൾ പ്രിൻസിപ്പലുമായ സന്ധ്യാ പ്രദീപും ഫാ.കെ.വി. ആന്റോയും കണ്‍വീനർമാരായി നേതൃത്വം നൽകുന്നു.