മനുഷ്യന്റെ അധ്വാനത്തെയും ചിന്തയെയും ലഘൂകരിക്കാൻ രംഗപ്രവേശം ചെയ്ത നിർമിതബുദ്ധി (എഐ) ഇന്ന് മനുഷ്യന്റെ നിയന്ത്രണങ്ങൾപോലും കാറ്റിൽപറത്തി സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരായിക്കഴിഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണിതപ്രശ്നങ്ങൾ നിമിഷനേരംകൊണ്ടു പരിഹരിക്കുന്നതും വൻകിട ഡിജിറ്റൽ സംവിധാനങ്ങളിൽ തനിയെ കടന്നുകയറി കവർച്ച നടത്തുന്നതും വെറുമൊരു സാങ്കേതിക മുന്നേറ്റമായി കാണാനാകില്ല.
മനുഷ്യനുണ്ടാക്കിയ നിയന്ത്രണരേഖകൾ ലംഘിച്ചു മുന്നേറുന്ന എഐ ഏജന്റുകൾ നാളെ ഏതെങ്കിലും ആയുധ സംവിധാനങ്ങളെയോ ആണവനിലയങ്ങളെയോ സ്വയം നിയന്ത്രിക്കാൻ തുടങ്ങിയാൽ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. ഇതിന്റെ സൂചനകൾ അടുത്തിടെ കണ്ടുകഴിഞ്ഞു.
എഐ സാങ്കേതികവിദ്യയിൽ ശാസ്ത്രജ്ഞർ ഏറ്റവും കൂടുതൽ ഭയക്കുന്നത് ‘റിക്കർസീവ് സെൽഫ്-ഇംപ്രൂവ്മെന്റ്’എന്ന ഘട്ടത്തെയാണ്. മനുഷ്യന്റെ സഹായമില്ലാതെ എഐ സ്വയം അതിന്റെ കോഡിംഗും ശേഷിയും മെച്ചപ്പെടുത്തുന്ന അവസ്ഥയാണിത്. മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ എഐ ഈ ശേഷി കൈവരിച്ചേക്കുമെന്നു കരുതപ്പെടുന്നു.
എഐ ഏജന്റുകൾ കൂട്ടംചേർന്ന് ചില വെബ്സൈറ്റുകളും എഐ ഡാറ്റാബേസുകളും ഹാക്ക് ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് പെട്ടെന്നുള്ള മുന്നറിയിപ്പുകൾക്കു കാരണം. കഴിഞ്ഞ ജൂലൈയിൽ ഓപ്പൺ എഐയുടെ സിസ്റ്റങ്ങൾ സുരക്ഷാപരിശോധനാ ഘട്ടങ്ങൾ മറികടന്ന് ‘ഹഗ്ഗിംഗ് ഫേസ്’ പ്ലാറ്റ്ഫോമിന്റെ സെർവറുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചത് ഇതിനൊരു ഉദാഹരണമാണ്.
വിദഗ്ധരുടെ രാജിയും മുന്നറിയിപ്പും
എഐ സാങ്കേതികവിദ്യയുടെ വളർച്ച അപകടകരമായ രീതിയിലാണെന്നും വരുംദിവസങ്ങളിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മുന്നറിയിപ്പ് നൽകി പ്രമുഖ എഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കിലെ സുരക്ഷിതത്വ ഗവേഷകൻ ജേക്കബ് കോക്സൺ രാജിവച്ചതാണ് നിലവിലെ ആശങ്കകൾക്കു തുടക്കമിട്ടത്. എഐ നിർമിക്കുന്ന ആളുകൾതന്നെ ഇതു മനുഷ്യരാശിയെ നശിപ്പിച്ചേക്കാമെന്നു വിശ്വസിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് വലിയ ചർച്ചയായി. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ എഐ മനുഷ്യരാശിയെ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ഇതിനു പിന്നാലെ ഗൂഗിൾ ഡീപ്പ്മൈൻഡിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് അലൈൻമെന്റ് റിസർച്ചർമാരായ ബിലാൽ ചുഗ്തായി, ജോഷ് എംഗൽസ് എന്നിവരും രാജിവച്ചു. എഐക്ക് നമ്മളെ എല്ലാവരെയും ഇല്ലാതാക്കാനുള്ള ശേഷിയുണ്ടെന്നും ഈ അപകടമൊഴിവാക്കാനുള്ള സമയം നമ്മുടെ കൈകളിൽനിന്നു വേഗത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചുഗ്തായി മുന്നറിയിപ്പ് നൽകി. എഐ മോഡലുകളുടെ സുരക്ഷയും അപകടസാധ്യതകളും വിലയിരുത്തുന്ന ‘മെറ്റർ’ എന്ന സംഘടനയിൽ ചേരാനാണ് ജോഷ് എംഗൽസ് ഡീപ്പ്മൈൻഡ് വിട്ടത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എഐ വലിയ ദുരന്തങ്ങൾ വരുത്തിവയ്ക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
യെമൻ യുദ്ധത്തിലെ എഐ ദുരുപയോഗം
എഐ ദുരുപയോഗത്തിന്റെ സാധ്യത എത്രമാത്രമെന്ന് ഏതാനും ദിവസം മുന്പ് യെമനിൽനിന്നു ലോകം കണ്ടുകഴിഞ്ഞു. തന്ത്രപ്രധാനമായ ചെങ്കടൽ തീരമേഖലകൾ പിടിച്ചെടുക്കാൻ യെമനിലെ ഹൂതി വിമതർ നിർമിതബുദ്ധി ദുരുപയോഗം ചെയ്തതായുള്ള വാർത്തയെ ലോകം അതീവഗൗരവത്തോടെയാണു കാണുന്നത്. ഔദ്യോഗിക ഭരണകൂട സേനാ കമാൻഡറുടെ ശബ്ദം എഐ ഉപയോഗിച്ചു വ്യാജമായി നിർമിച്ചു പ്രചരിപ്പിച്ചാണ് ഹൂതികൾ സൈന്യത്തെ തെറ്റിദ്ധരിപ്പിച്ചത്.
യെമൻ ഔദ്യോഗിക സേനാ കമാൻഡർ ലഫ്. ജനറൽ താരിഖ് സലേയുടെ ശബ്ദമാണ് എഐ ഉപയോഗിച്ച് ഹൂതികൾ വ്യാജമായി നിർമിച്ചത്. മോച്ച നഗരത്തിൽനിന്നും തുറമുഖത്തുനിന്നും സൈന്യം ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഈ വ്യാജ ശബ്ദസന്ദേശം. ഇത് സൈനികർക്കിടയിൽ വൻ അങ്കലാപ്പുണ്ടാക്കുകയും ആത്മവീര്യം കെടുത്തുകയും ചെയ്തു. ഈ അവസരം മുതലാക്കി ഇറാൻ പിന്തുണയുള്ള ഹൂതികൾ തന്ത്രപ്രധാനമായ മോച്ച തുറമുഖം പിടിച്ചെടുത്തു. കൂടാതെ ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൻഡെപ് കടലിടുക്കിലെ പെരിം ദ്വീപ് അടക്കമുള്ള മേഖലകളും മിന്നൽ നീക്കത്തിലൂടെ ഹൂതികൾ നിയന്ത്രണത്തിലാക്കി.
ഇതുവഴി ഇനി സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. ഇതിനു പുറമെ ചെങ്കടൽ തുറമുഖങ്ങളിലേക്ക് സൗദി എണ്ണയെത്തിക്കുന്ന പൈപ്പ് ലൈനുകൾക്കുനേരേയും ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ട്. എഐയെ ദുരുപയോഗിച്ചു ഹൂതി വിമതർ നടത്തിയ ഈ മുന്നേറ്റം ഭീകരസംഘടനകളും സായുധ പോരാളികളും ദുരുപയോഗം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് യുദ്ധതന്ത്രജ്ഞർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ടെക് ഭീമന്മാരുടെ നിലപാട്
ജേക്കബ് കോക്സന്റെ പ്രസ്താവനയ്ക്കു പിന്നാലെ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് അദ്ദേഹത്തിന്റെ ആശങ്കകളെ ശരിവച്ച് രംഗത്തെത്തി. അനിയന്ത്രിതമായ വളർച്ച തടയാൻ സാങ്കേതികവിദ്യയുടെ വികസനവേഗം കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എക്സിലൂടെ പുറത്തുവിട്ട ലേഖനത്തിൽ അമോഡെയ് പ്രധാന സുരക്ഷാ നിർദേശങ്ങൾ മുന്നോട്ടുവച്ചു.
എഐ കമ്പനികളിലെ മോഡലുകളും ട്രെയിനിംഗ് രീതികളും സുരക്ഷയും പരിശോധിക്കാൻ ജീവനക്കാർക്കു തുല്യമായ പ്രവേശനമുള്ള സ്വതന്ത്ര നിരീക്ഷകരെ സ്ഥിരമായി നിയമിക്കുക, പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ മുൻനിര എഐ കമ്പനികൾ തമ്മിൽ പരസ്പരം സഹകരിക്കുക, എഐ ദുരുപയോഗവും അപകടസാധ്യതകളും നേരിടാൻ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുക എന്നിവയാണ് അദ്ദേഹം മുന്നോട്ടുവച്ച നിർദേശങ്ങൾ.
മനുഷ്യനു ഭീഷണിയാകുന്ന ഘട്ടത്തിൽ എഐ സംവിധാനങ്ങൾ പൂർണമായും ഓഫാക്കാൻ ശേഷിയുള്ള ‘കിൽ സ്വിച്ച്’ നിർബന്ധമാക്കണമെന്നാണ് ആന്ത്രോപിക് സഹസ്ഥാപകൻ ജാക്ക് ക്ലാർക്ക് മുന്നോട്ടുവച്ച നിർദേശം. സ്വതന്ത്ര നിരീക്ഷണ സംവിധാനത്തെയും അമോഡെയുടെ നിർദേശങ്ങളെയും പിന്തുണച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, എക്സ് എഐ മേധാവി എലോൺ മസ്ക് എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.
എഐ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങൾക്കു ഭയമുള്ളത് സ്വാഭാവികമാണെന്നും എന്നാൽ, സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ കമ്പനിക്ക് സാധിക്കുമെന്നും സാം ആൾട്ട്മാൻ പറയുന്നു. മാർക്ക് സക്കർബർഗ് (മെറ്റ), ജെൻസൻ ഹുവാംഗ് (എൻവിഡിയ) തുടങ്ങിയ പ്രമുഖരും എഐ വികസനത്തിൽ സർക്കാരുകളുടെ അനാവശ്യ ഇടപെടലുകൾ ആവശ്യമില്ലെന്ന നിലപാടിലാണ്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ സാങ്കേതികവിദ്യകൾ പുറത്തിറക്കുന്നതെന്നും കമ്പനികൾക്കിതിൽ സ്വയം ഉത്തരവാദിത്വമുണ്ടെന്നും സക്കർബർഗ് വ്യക്തമാക്കി.
സാമ്പത്തികരംഗത്തെ പ്രത്യാഘാതങ്ങൾ
എഐ സുരക്ഷയെക്കുറിച്ചുള്ള ഭയവും വികസനത്തിൽ നിയന്ത്രണം വേണമെന്ന ആവശ്യവും സാങ്കേതികവിദ്യാ രംഗത്തെ വൻകിട നിക്ഷേപങ്ങളെ ബാധിച്ചിട്ടുണ്ട്. വികസനവേഗം കുറയ്ക്കണമെന്ന ആവശ്യത്തിനു പിന്നാലെ ആഗോളതലത്തിൽ എഐ, സെമികണ്ടക്ടർ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി.
ഈ വർഷം മാത്രം ഡാറ്റാ സെന്ററുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റ തുടങ്ങിയ വൻകിട കമ്പനികൾ 795 ബില്യൺ ഡോളറിന്റെ നിക്ഷേപമാണു പ്രഖ്യാപിച്ചിരുന്നത്. 2027ഓടെ ഇത് 1.08 ട്രില്യൺ ഡോളറിലെത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകൂട്ടൽ. സർക്കാരുകളുടെ അനാവശ്യ ഇടപെടലുകളും പുതിയ നിയമങ്ങളും വിപണിയെ കൂടുതൽ അസ്ഥിരപ്പെടുത്തിയേക്കാമെന്ന് നിക്ഷേപകർ ഭയക്കുന്നു.
അപകടസാധ്യതകൾ നിലനിൽക്കുമ്പോഴും എഐ വികസനം നിർത്തിവയ്ക്കാൻ കമ്പനികൾ മടിക്കുന്നത് കടുത്ത മത്സരം മൂലമാണ്. കൂടാതെ, ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾ ട്രില്യൺ ഡോളർ മൂല്യം ലക്ഷ്യമിടുന്ന ഐപിഒകൾക്ക് ഒരുങ്ങുന്നതും സാമ്പത്തിക താത്പര്യങ്ങൾ വർധിപ്പിക്കുന്നു.
വൻകിട കമ്പനികൾ പുതിയ നവാഗതരെ വിപണിയിൽനിന്ന് ഒഴിവാക്കാനാണ് ഇത്തരത്തിൽ നിയമങ്ങൾ ആവശ്യപ്പെടുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം, വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നത് ദീർഘകാല നിക്ഷേപങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുമെന്നും എഐ വികസനം പൂർണമായി നിലയ്ക്കില്ലെന്നും ഒരുവിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.