കുവൈറ്റ് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കും നിയമലംഘകർക്കുമെതിയിരേ കുവൈറ്റിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സംയുക്ത സുരക്ഷാ പരിശോധന ജലീബ് അൽ-ഷുയൂഖ് മേഖലയിൽ നടന്നു.
താമസ-തൊഴിൽ നിയമലംഘനങ്ങൾ, മുൻസിപ്പൽ ചട്ട ലംഘനങ്ങൾ, സുരക്ഷാ വീഴ്ചകൾ എന്നിവ കണ്ടെത്തുന്നതിനായി നടത്തുന്ന ഈ വൻ റെയ്ഡിൽ നൂറുകണക്കിന് കെട്ടിടങ്ങളാണ് കഴിഞ്ഞ രാത്രി അധികൃതർ ഒഴിപ്പിച്ചത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയമാണ് ഈ ഓപ്പറേഷന് നേതൃത്വം നൽകിയത്.
കുവൈറ്റ് ആർമി, നാഷണൽ ഗാർഡ്, വിവിധ സർക്കാർ ഏജൻസികൾ എന്നിവരടങ്ങുന്ന സംയുക്ത സേനയാണ് ഏറ്റവും കൂടുതൽ പ്രവാസികൾ താമസിക്കുന്ന ജലീബ് മേഖലയിൽ നിയമവാഴ്ച ഉറപ്പാക്കാനായി രംഗത്തിറങ്ങിയിരിക്കുന്നത്.
മേഖലയിലെ ആയിരത്തിലധികം വരുന്ന പാർപ്പിട സമുച്ചയങ്ങളെ ലക്ഷ്യമിട്ടാണ് ഈ പരിശോധന. ഇതിൽ ഏകദേശം 350-ഓളം കെട്ടിടങ്ങൾ ഇതിനകം തന്നെ അധികൃതർ പൂർണമായും ഒഴിപ്പിച്ചു കഴിഞ്ഞു.
പരിശോധനകൾ ആരംഭിക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങളിലെ താമസക്കാരെയും തൊഴിലാളികളെയും അധികൃതർ സുരക്ഷിതമായി പുറത്തെത്തിച്ചു.
കനത്ത സുരക്ഷാ വലയത്തിൽ നടത്തിയ ഈ ഒഴിപ്പിക്കലിന് ശേഷം, താമസക്കാരെ പ്രത്യേകമായി ഏർപ്പെടുത്തിയ ബസുകളിൽ താൽക്കാലിക താമസ കേന്ദ്രങ്ങളിലേക്ക് മാറ്റി.