തൃശൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ശശിധരൻ കർത്തയുടെ ഡയറി സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടായി കാണണം. ഡയറിയിലെ വിവരങ്ങളിൽ ഏത് അന്വേഷണവും നടക്കുന്നതിൽ എതിർപ്പില്ലെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും. ഏത് അന്വേഷണവും വരട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാരല്ല കേരളത്തിലേത്. ഇഡി ഔദ്യോഗികമായി എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് നിർവഹിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും മുരളീധരൻ പറഞ്ഞു.
ശശിധരൻ കർത്തയുടെ ഡയറിയിലെ പേജ് പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്തെത്തിയത് ചർച്ചയായതിനിടെയാണ് മുരളീധരന്റെ പ്രതികരണം. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗമാണ് ഷോൺ ജോർജ് പുറത്തുവിട്ടത്.