പുത്തൻകുരിശ്: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര വൈദിക ദ്വിദിന യോഗം പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ കൺവൻഷൻ സെന്ററിൽ ആരംഭിച്ചു.
അഖില മലങ്കര വൈദികസംഘം പ്രസിഡന്റ് ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടന്ന സംഗമം ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളിൽ സഭയെ ഹൃദയത്തോടു ചേർത്തുവച്ച് സേവനം ചെയ്യുന്ന വൈദികർ സഭയുടെ സമ്പത്താണെന്നും വൈദികരെ കരുതുന്ന നിരവധി ക്ഷേമപദ്ധതികൾ സഭ ആവിഷ്കരിക്കുമെന്നും ബാവ പറഞ്ഞു.
വൈദികരുടെ ക്ഷേമത്തിനായി സഭയുടെ ക്ഷേമനിധിയിൽനിന്ന് അഞ്ചു ലക്ഷം രൂപ സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലനും സെക്രട്ടറി ജേക്കബ് സി. മാത്യുവും ചേർന്ന് ശ്രേഷ്ഠബാവയെ ഏൽപ്പിക്കുകയും ബാവ വൈദികസംഘം പ്രസിഡന്റിന് നൽകുകയും ചെയ്തു.
സൂനഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, കുര്യാക്കോസ് മാർ ക്ലീമിസ്, യാക്കോബ് മാർ അന്തോണിയോസ്, ഐസക് മാർ ഒസ്താത്തിയോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, അഖില മലങ്കര വൈദിക സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട്, ഫാ. സാംസൺ മേലോത്ത്, ഫാ. തോമസ് കൊച്ചുപറമ്പിൽ എന്നിവരും പ്രസംഗിച്ചു. ഫാ. ജോസഫ് പരത്തുവയലിൽ കശീശ രചിച്ച പുസ്തകം ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു.