ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പ്രത്യേക സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. നാല് പതിറ്റാണ്ടുകളുടെ അനുഗ്രഹീതമായ വിശ്വാസയാത്രയെ അനുസ്മരിപ്പിക്കുന്ന ഈ പ്രസിദ്ധീകരണം ഡാളസ് മേഖലയിലെ സഭകളുടെയും വിശ്വാസിസമൂഹത്തിന്റെയും ആത്മീയ, ചരിത്ര, സാമൂഹിക സംഭാവനകൾ രേഖപ്പെടുത്തുന്ന ശ്രദ്ധേയമായ രേഖയാകുമെന്ന് സംഘാടകർ അറിയിച്ചു.
സ്മരണികയുടെ ചീഫ് എഡിറ്ററായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ, പബ്ലിഷറായി രാജു തരകൻ, മാനേജിംഗ് എഡിറ്ററായി ഷാജി മണിയാട്ട് എന്നിവർ പ്രവർത്തിക്കും. എക്സിക്യൂട്ടീവ് എഡിറ്റർമാരായി റവ. ഡോ. തോമസ് ഇടിക്കുളയും എസ്.പി. ജെയിംസും സേവനമനുഷ്ഠിക്കും. പബ്ലിക്കേഷൻ കോഓർഡിനേറ്ററായി തോമസ് ചെല്ലേത്ത് പ്രവർത്തിക്കും. അഡ്വൈസറി ബോർഡ് ചെയർമാനായി പാസ്റ്റർ മാത്യു സാമുവൽ നേതൃത്വം നൽകും.
ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല് പതിറ്റാണ്ടുകളുടെ വിശ്വാസപാരമ്പര്യവും ശുശ്രൂഷാ പൈതൃകവും പുതിയ തലമുറയ്ക്ക് കൈമാറുന്ന വിലപ്പെട്ട രേഖയായി സ്മരണിക മാറുമെന്നാണ് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചത്.
ആത്മീയ ലേഖനങ്ങൾ, ചരിത്രരേഖകൾ, അനുഭവക്കുറിപ്പുകൾ, ആശംസാസന്ദേശങ്ങൾ, വിവിധ സഭകളുടെയും ശുശ്രൂഷകളുടെയും വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി മികച്ച നിലവാരത്തിൽ സ്മരണിക പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചുവരികയാണ്.
സ്മരണികയ്ക്കായി ലേഖനങ്ങളും പരസ്യങ്ങളും [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പ്രത്യേകമായി ആവശ്യപ്പെടാത്ത പക്ഷം ഡാളസിൽ താമസിക്കുന്നവരുടെ കൃതികൾക്ക് മാത്രമായിരിക്കും പരിഗണന.
കൂടുതൽ വിവരങ്ങൾ dallascitywide.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.