Kerala
തിരുവനന്തപുരം: സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം തുടരുന്ന നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബുധനാഴ്ച മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിംഗ് പരാമർശത്തിലാണ് ഇന്ന് പ്രതിഷേധം അരങ്ങേറിയത്.
പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ബോഡി ഷെയ്മിംഗ് പരാമർശം ഉയർത്തിയ വി.ഡി. സതീശൻ വാച്ച് ആൻഡ് വാർഡർമാരെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും ആരോപിച്ചു. ഇതിനു പിന്നാലെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതോടെ, ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. ചെയറിനു മുന്നിൽ നിന്ന് ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡർമാരോട് പറഞ്ഞതോടെ സഭയിൽ വീണ്ടും പ്രതിഷേധം ശക്തമായി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്കി.
പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ചായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപ പരാമര്‍ശം. എട്ടുമുക്കാല്‍ അട്ടിവച്ച പോലെ ഒരാള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച്, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുന്ന എല്ലാവര്ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.