ഫിലഡൽഫിയ: ഓർമ ഇന്റർനാഷണൽ "അമേരിക്ക-250' ആനന്ദത്തിന്റെ ആഘോഷമായിരിക്കുമെന്ന് റവറന്റ് സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിൽ എസ്ഐസി പറഞ്ഞു. ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സിസ്റ്റർ ജോസ്ലിൻ എടത്തിൽ.
ഓർമ ഇന്റർനാഷണൽ പിആർഒ മെർലിൻ അഗസ്റ്റിൻ റോസാപ്പൂ നൽകി സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിലിനെ സ്വീകരിച്ചു. ഫിലഡൽഫിയയിലെ മലയാളി സംഘടനയായ "കല'യുടെ (കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക) സ്ഥാപകനും ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) മുൻ പ്രസിഡന്റും കമ്യൂണിറ്റി നേതാവുമായ ജോർജ് മാത്യുവിനെ സിപിഎ ഓർമ ഇന്റർനാഷണൽ ലീഡറും ബോർഡ് ചെയർമാനുമായ ജോസ് ആറ്റുപുറം വിശിഷ്ടാതിഥിയായി ആദരിച്ചു.
ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ ചെയർമാൻ ജോർജ് നടവയൽ, ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ചെയർ ജോസ് തോമസ്, ആലീസ് ജോസ്, സ്വപ്ന സെബാസ്റ്റ്യൻ, ജോ തോമസ് എന്നിവർ ആശംസകൾ നേർന്നു. കലാകാരി നിമ്മി റോസ് ദാസാണ് ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി.
ധാർമിക രോഗി പരിചരണം, ഭക്തി, പരിചരണത്തിലെ ലാളിത്യം എന്നിവയിൽ മികവിന്റെ മാതൃകയായ സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിൽ, ആതുര പരിചരണ മേഖലയിലെ മികവിലൂടെ ദൈവസ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സമർപ്പിതയാണ്.
ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇന്റേണൽ മെഡിസിൻ ഫിസിഷ്യനും ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ലൂയിസ് കാറ്റ്സ് സ്കൂൾ ഓഫ് മെഡിസിനിൽ ക്ലിനിക്കൽ മെഡിസിൻ അസോസിയേറ്റ് പ്രഫസറും ടെമ്പിൾ ഹെൽത്തിൽ മുൻ കോ-ചീഫ് പേഷ്യന്റ് എക്സ്പീരിയൻസ് ഓഫീസറുമാണ് സിസ്റ്റർ ഡോ. ജോസ്ലിൻ.
"ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻ കൗൺസിലിന്റെ' ദൗത്യം അമേരിക്കൻ പ്രഭാവത്തിന് അമേരിക്കൻ മലയാളികൾ നൽകിയ വിലപ്പെട്ട സംഭാവനകളെ എടുത്തുകാണിക്കുക എന്നതാണ്.
ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വേദികളിലും അമേരിക്കൻ ജീവിതത്തിന് അമേരിക്കൻ മലയാളികൾ നൽകിയ സംഭാവനകളെ എടുത്തുകാണിക്കും.
2026 ഓഗസ്റ്റ് 15ന് "അമേരിക്ക 250 വാർഷിക ആഘോഷങ്ങളിൽ' വൈവിധ്യമാർന്ന സാംസ്കാരിക മേളകളും കലാ സാഹിത്യ സാംസ്കാരിക മത്സരങ്ങളും രാഷ്ട്രീയ നേതൃ സംഗമവും കലാ സായാഹ്നവും അവാർഡ് നിശയും അവതരിപ്പിക്കും. അമേരിക്കയിലെ ഒന്നും രണ്ടും മൂന്നും തലമുറയിലെ മലയാളികളുടെ നേട്ടങ്ങൾ ഈ പരിപാടിയിൽ ഉയർത്തിക്കാട്ടും.
രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, ആത്മീയ നേതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, ചലച്ചിത്ര കലാകാരന്മാർ, കായികതാരങ്ങൾ, ശാസ്ത്രജ്ഞർ, ഉന്നത വിജയം നേടിയ വിദ്യാർഥികൾ, നഴ്സുമാർ, അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, പത്രപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ മികവ് പുലർത്തിയ അമേരിക്കൻ മലയാളികളെയും അവർ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ.