മലയാള സിനിമയിൽ പുത്തൻ ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് കറക്കം സിനിമയുടെ ടീസർ റിലീസ് ചെയ്തു. മോഹൻലാലാണ് തന്റെ സാമൂഹികഅക്കൗണ്ടിലൂടെ ടീസർ റിലീസ് ചെയ്തത്.
അത്യന്തം വർണാഭമായ ഫ്രെയിമുകളും ഭയംജനിപ്പിക്കുന്ന പശ്ചാത്തലവും ത്രസിപ്പിക്കുന്ന സംഗീതവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് ഹൊറർ കോമഡി പാക്കേജായിരിക്കും ചിത്രം.
തലചുറ്റിക്കുന്ന നവയുഗയുക്തിയുടെ യൗവ്വനവും അശാന്തരായി കറങ്ങിത്തിരിയുന്ന പ്രേതാത്മാക്കളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ അങ്കുഷ് സിംഗ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിക്കുന്ന കറക്കം സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്നു.
നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നത്. തെന്നിന്ത്യൻ ഹിറ്റ് മേക്കർ സാം സി.എസ്. സംഗീതം പകരുന്നു.