ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ വലിയവിളക്കു വരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വമായ ഭക്തിയും ആസ്വാദനവും നല്കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി. കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിക്ക്.
കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠ യുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയതാണിത്. വനവാസം കഴിഞ്ഞ് അയോധ്യയിലേയ്ക്ക് തിരിച്ചെത്തേണ്ട ശ്രീരാമാദികളെ കാണാഞ്ഞ് അഗ്നിപ്രവേശത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്ത് ശ്രീരാമന്റെ ആഗമനവാര്‍ത്ത ഹനുമാന് അറിയിക്കുന്നതും ഭരതന് സന്തുഷ്ട നായി നില്ക്കുന്നതും ആണ് ഇതിവൃത്തം. അങ്ങനെ സന്തുഷ്ടചിത്തനായിരിക്കുന്ന ഭരതനാണ് കൂടല്‍മാണിക്യം സ്വാമി. ഹനുമാന്റെ രംഗപ്രവേശം വെളിവാക്കുന്ന ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള തിടപ്പള്ളിയിലെ ഹനുമാന് സങ്കല്‍പ്പവും ഇതിനോടുചേര്‍ന്ന് പോകുന്നതാണ്.
രാവണനെ വധിച്ച് സീത അഗ്നിശുദ്ധി വരുത്തുന്ന സീതാരാമ സംഗമത്തോടെയാണ് കളി തുടങ്ങുക. തുടര്‍ന്ന് ശ്രീരാമന് ഭരതനു നല്കിയ വാക്ക് സീതാദേവിയെ ഓര്‍മിപ്പിക്കുകയും പുഷ്പകവിമാനം കൊണ്ടുവന്ന് ലക്ഷ്മണനേയും വിഭീഷണനേയും സുഗ്രീവനേയും ഹനുമാനേയും കൂട്ടി അയോധ്യയിലേയ്ക്ക് യാത്രയാകുന്നതും ഹനുമാനെ ഭരതസന്നിധിയിലേക്ക് അയക്കുന്നതുമായ രംഗമാണ് അവതരിപ്പിച്ചത്. അഗ്നിപ്രവേശനത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്തേക്ക് അലങ്കരിച്ച തേരില്‍ ശ്രീരാമനും സീതയും ലക്ഷ്മണനും സുഗ്രീവനും എത്തിച്ചേരുകയും ശ്രീരാമന് ഭരതനെ ആലിംഗനം ചെയ്യുന്ന വികാരനിര്‍ഭരമായ രംഗവും അഭിനയിച്ചു.
തുടര്‍ന്ന് വാദ്യഘോഷങ്ങളുടെ രാജകീയ പ്രൗഢിയില്‍ സീതാ രാമ അനുചരന്മാര്ക്കൊപ്പം വന്നെത്തുകയും കലശകുടങ്ങളില്‍ നിറച്ച തീര്‍ഥജലം അഭിഷേകം ചെയ്യുകയും ചെയ്യും. ശ്രീരാമന്റെ പട്ടാഭിഷേകം മനംനിറയെ ദര്‍ശിച്ച് സാഫല്യമടയുവാനും നേദ്യം സ്വീകരിക്കുവാനും ഭക്തജനങ്ങള്‍ക്ക് ഈ കലാധരണത്തില്‍ സന്ദര്‍ഭമുണ്ട്. ഡോ. സദനം കൃഷ്ണന്‍കുട്ടി ശ്രീരാമനായും കലാനിലയം രാഘവന് ഭരതനായും കലാമണ്ഡലം വിജയകുമാര്‍ സീതയായും സര്‍വതോഭദ്രം നന്ദന ലക്ഷ്മണനായും സര്‍വതോഭദ്രം ഹരിക ശത്രുഘ്നനായും കലാനിലയം ഗോപി ഹനുമാനായും സര്‍വതോഭദ്രം ഭദ്ര ഗുഹനായും വേഷമിട്ടു. തൃപ്പയ്യ പിതാംബരന്, കലാമണ്ഡലം ഹരിദാസ്, സര്‍വതോഭദ്രം സൂര്യ ഗായത്രി എന്നിവരും വേഷമിട്ടിരുന്നു.