ഹരിപ്പാട്: കുമാരപുരത്ത് വീട്ടുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ക്രൂരമായി കടിച്ചു പരിക്കേൽപ്പിച്ചു. കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം-ദിവ്യ ദമ്പതികളുടെ മകൻ അദ്വിക് (5) ആണ് ഗുരുതരമായി പരിക്കേറ്റത്.
കരുവാറ്റ എംജിഎം സ്കൂളിലെ യുകെജി വിദ്യാർഥിയാണ് അദ്വിക്. ഇന്നലെ വൈകിട്ട് സ്കൂളിൽനിന്നും വീട്ടിലെത്തിയശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിലാണ് സംഭവം. ഓടിയെത്തിയ നായ കുട്ടിയെ ചാടിവീണ് ആക്രമിക്കുകയായിരുന്നു.
മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്വികിന് ആഴത്തിൽ കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളും ചേർന്നാണ് നായയെ ഓടിച്ചത്. ഉടൻ തന്നെ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ പരിശോധനകൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
താമല്ലാക്കലിൽ തെരുവുനായശല്യം രൂക്ഷം
ഹരിപ്പാട്: താമല്ലാക്കലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. മുൻപും സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് പ്രദേശത്ത് നായയുടെ കടിയേറ്റിട്ടുണ്ട്. റോഡരികുകളിൽ ഉരുട്ടുവണ്ടികളിലും താത്കാലിക ഷെഡുകളിലുമായി അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഇറച്ചിക്കടകളാണ് പ്രദേശത്തെ പ്രധാന വില്ലൻ.
ഇറച്ചിക്കടകളിൽനിന്നും നിയമവിരുദ്ധമായി റോഡരികിലും പൊതുസ്ഥലങ്ങളിലും തള്ളുന്ന അറവുമാലിന്യങ്ങൾ തിന്നാനായി തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നു. ഇവ പലപ്പോഴും അക്രമാസക്തരായി കാൽനടയാത്രക്കാരെയും കുട്ടികളെയും ഓടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇത്തരം അനധികൃത ഇറച്ചിക്കടകൾക്കെതിരെയും തെരുവുനായ ശല്യത്തിനെതിരെയും തദേശസ്വയംഭരണ വകുപ്പിനും ആരോഗ്യവിഭാഗത്തിനും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.