തിരുവനന്തപുരം: അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ സുഗതനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. സുഗതന്റെ സഹോദരൻ സന്ദീപിനെയും പോലീസ് അറസ്റ്റ് ചെയ്തേക്കും.
നിലവിൽ സുഗതൻ പൂജപ്പുര സെൻട്രൽ ജയിലിലാണ്. അറസ്റ്റ് ചെയ്തതിന് പിന്നാലെ കന്റോൺമെന്റ് സ്റ്റേഷനിലേക്കാണ് സുഗതനെ കൊണ്ടുപോയത്. തുടർന്ന് കാപ്പ നിയമപ്രകാരം സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി പോലീസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ അനുമതി തേടും. തുടർന്ന് കോടതി ഇതിനാവശ്യമായ മെമ്മോ നൽകും. മെമ്മോയുമായി ജയിലിലെത്തുന്ന പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് അപേക്ഷ നൽകും.
കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് കേസിനാസ്പദം. ഈ കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഏഴാം തീയതി ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനായ വട്ടിയൂർക്കാവ് എസ്എച്ച്ഒയ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു.
എന്നാൽ, സുഗതൻ പോലീസിനുമുന്നിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് വട്ടിയൂർക്കാവ് പോലീസ് സുഗതനായുള്ള അന്വേഷണം ഊർജിതമാക്കിയത്. സുഗതൻ വട്ടിയൂർക്കാവ് സിപിടി ജംഗ്ഷനിലെ വീട്ടിലുണ്ടെന്നറിഞ്ഞ് ചൊവ്വാഴ്ച രാത്രി പോലീസ് സ്ഥലത്തെത്തി. എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുവളഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സുഗതന്റെ സഹോദരൻ സന്ദീപ് ആണ് കേസിലെ രണ്ടാം പ്രതി. മറ്റ് മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.