തൃശൂർ: വിഷമില്ലാത്ത ആഹാരം, വിളയിച്ചെടുത്ത കൈകൾക്ക് അർഹിച്ച സ്നേഹാദരം എന്ന സന്ദേശവുമായി കത്തോലിക്ക കോൺഗ്രസ് അരണാട്ടുകര സെന്റ് തോമസ് പള്ളിമുറ്റത്ത് ഒരുക്കിയ ഞായറാഴ്ച വിപണനമേള നാടിന്റെ കണ്ണും മനസും നിറച്ചു.
വിപണിയിലെ രാസവിഷങ്ങളോടു വിടപറഞ്ഞ്, സ്വന്തം വീട്ടുപറമ്പിൽ വിളഞ്ഞ കുഞ്ഞുനന്മകൾ പരസ്പരം പങ്കുവയ്ക്കാനൊരു വേദി. പച്ചക്കറികളിൽ രാസവളത്തിന്റെ സ്പർശമില്ല, പകരം മഴയുടെയും മണ്ണുതൊട്ട കൈകളുടെയും ശുദ്ധി മാത്രം. നാടൻ കോഴിയുടെയും താറാവിന്റെയും കാടയുടെയും മുട്ടകൾക്കായി പള്ളിമുറ്റത്ത് ആളുകൾ പലസമയങ്ങളിലായി എത്തിച്ചേർന്നു. വീട്ടമ്മമാരുടെ കൈപ്പുണ്യത്തിൽ ഒരുങ്ങിയ അച്ചാറുകളും ജ്യൂസുകളും വ്യാജനല്ലാത്ത നാടൻ തേനുമെല്ലാം മേളയ്ക്കു മാറ്റുകൂട്ടി.
കച്ചവടലാഭത്തേക്കാൾ ഗ്രാമീണ ബന്ധങ്ങൾക്ക് ഊന്നൽ നൽകിയ മേളയിൽ വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഉല്പന്നങ്ങൾ കൈമാറിയത്. നാടൊന്നാകെ സ്നേഹത്തോടെ കൈനീട്ടിയപ്പോൾ രാവിലെ 11.30 ആയപ്പോഴേക്കും തട്ടുകളിലെ വിഭവങ്ങളെല്ലാം കാലിയായി.
വികാരി ഫാ. ജോസ് ചാലയ്ക്കൽ വിപണനമേള ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ജോർജ് ചിറമ്മൽ അധ്യക്ഷനായി.
പ്രിൻസ് കാഞ്ഞിരത്തിങ്കൽ, ബിജു ജോസ്, സി.വി. ജോഷി, ഡേവീസ് കുണ്ടുകുളങ്ങര, വർഗീസ് മഞ്ഞളി, ഡിക്സൺ പടിക്കല, ഷിബു കാഞ്ഞിരത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.
പരിപാടി വിജയമായതോടെ ഇനിമുതൽ എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളിൽ ഈ കൊച്ചുഗ്രാമച്ചന്ത നടത്താനാണ് വിശ്വാസികളുടെയും തീരുമാനം.