ഇരിട്ടി: പ്രതിദിനം ആയിരത്തിലേറെ രോഗികളെത്തുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അടിയന്തരമായി പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആവശ്യമായ 16 ഡോക്ടർമാരുടെ സ്ഥാനത്ത് നിലവിൽ ആറ് പേർ മാത്രമാണുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് യോഗത്തെ അറിയിച്ചു. ഗൈനക്കോളജി, അനസ്തേഷ്യ ഡോക്ടർമാരെ ഉടൻ നിയമിക്കണം. നിലവിലെ ഗൈനക്കോളജിസ്റ്റ് അവധിയിലായതിനാൽ ഈ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
നിർമാണം പൂർത്തിയായിട്ടും വർഷങ്ങളായി അടഞ്ഞുകിടക്കുന്ന മാതൃ-ശിശു വാർഡ് ഉടൻ തുറന്നുപ്രവർത്തിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരുവനന്തപുരത്ത് ചർച്ച ചെയ്തതായി നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ അറിയിച്ചു.
ആറളത്തെ മോഴയാനയെ ഉടൻ പിടികൂടണം
ആറളത്ത് ജനങ്ങൾക്ക് ഭീഷണിയായ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടി പ്രദേശത്തുനിന്ന് മാറ്റണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ആവശ്യപ്പെട്ടു. ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് കൊട്ടിയൂർ റേഞ്ചർ നിതിൻ രാജ് അറിയിച്ചു. വയനാട്ടിൽ കൂട് നിർമാണം വൈകിയതാണ് ദൗത്യം നീളാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ ആറളം വില്ലേജ് പരിധിയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി. ശോഭ ആവശ്യപ്പെട്ടു.
മലയോര ഹൈവേ നിർമാണം വേഗത്തിലാക്കണം
മലയോര ഹൈവേയുടെ പാർശ്വഭിത്തി നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാക്കങ്ങാട്-ഉരുവച്ചാൽ റോഡ് നവീകരണത്തിന് നടപടി സ്വീകരിക്കണമെന്ന് മുഴക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ജാഫർ നെല്ലൂർ ആവശ്യപ്പെട്ടു. പടിയൂർ ഇക്കോ ടൂറിസം പദ്ധതിയുടെ നിർമാണം പൂർത്തിയാക്കുകയും കേന്ദ്രത്തലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നടപടി സ്വീകരിക്കുകയും വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ ആവശ്യപ്പെട്ടു.
നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ തഹസിൽദാർ എൻ. സീമ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ, പായം പഞ്ചായത്ത് പ്രസിഡന്റ് വിനോദ്കുമാർ, തോമസ് തയ്യിൽ, സി.വി.എം. വിജയൻ, കെ.പി. ഷാജി തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.