അമ്പലപ്പുഴ: താലൂക്ക് വികസനസമിതിയുടെ 2025 നവംബര്‍ മാസത്തിലെ യോഗം അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍ നടന്നു. തഹസില്‍ദാര്‍ (ഭൂരഖ) കെ.ഇ. നസീര്‍ അധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്, അഡ്വ. സനല്‍കുമാര്‍, പി.ജെ. കുര്യന്, എം.ഇ. നിസാര്‍ അഹമ്മദ്, ജോസി ആന്റണി, തോമസ് കളരിക്കല്‍, ഷാജി വാണിയപ്പുരയ്ക്കല്‍, എസ്.എ. അബ്ദുള്‍ സലാം ലബ്ബ, റോയി പി. തിയോച്ചന്‍ എന്നീ രാഷ്ട്രീയപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
അംശാദായം മടക്കി കൊടുക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചപ്പോള്‍ ഫിഷറീസ് വകുപ്പ് മരിച്ച മത്സ്യത്തൊഴിലാളികളുടെ അവകാശികളുടെ അപേക്ഷ പരിഗണിക്കുന്നില്ലെന്നും അത് പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും റോയി പി. തിയോച്ചന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ജി എസ്ടിയില് കുറവ് വന്നിട്ടുണ്ടെങ്കിലും മരുന്നുകള്‍ അടക്കമുള്ള സാധനങ്ങളുടെ വിലയില്‍ ഈ കുറവ് കാണുന്നില്ല എന്നും കവിത ഐടിസിയുടെ സമീപത്തുള്ള തോടിനു സമീപമുള്ള റോഡ് അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും മാളിക മുക്കിലെ റെയില്‍വേ മേല്‍പ്പാലത്തിന് താഴെയുള്ള റോഡ് വെള്ളക്കെട്ട് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും നിസാര്‍ അഹമ്മദ് യോഗത്തില്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ സ്കാനിംഗിന് ഡേറ്റ് കിട്ടുവാന്‍ കാലതാമസം നേരിടുന്നുവെന്നും ബീച്ചിലെ സെന്റ് സെബാസ്റ്റ്യന്‍ റോഡ് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ സഞ്ചാരയോഗ്യമല്ലെന്നും അത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വെളിച്ചെണ്ണയിലെ മായം കണ്ടെത്തുന്നതിന് വ്യാപാരസ്ഥാപനങ്ങളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പരിശോധന നടത്തണമെന്നും പി. ജെ. കുര്യന് ആവശ്യപ്പെട്ടു.
ആലപ്പുഴ നഗരത്തില്‍ കോടതിപാലം നിര്‍മാണ പ്രവര്‍ത്തികള്‍ മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നടപടികള്‍ ഉണ്ടാകണമെന്നും വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ആലപ്പുഴ ബീച്ച് പോലെയുള്ള സ്ഥലങ്ങളില്‍ പൊതുശൗചാലയങ്ങള്‍ പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തോമസ് കളരിക്കല്‍ ആവശ്യപ്പെട്ടു.
നിലവില്‍ ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി, യൂറോളജി വിഭാഗങ്ങള്‍ ഇല്ലെന്നും ജില്ലാ ആശുപത്രിയില്‍ ഒപി ടിക്കറ്റ് എടുക്കുന്നതിന് മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ടോക്കണ്‍ അനുവദിക്കണമെന്നും എസ്.എ. അബ്ദുല്‍സലാം ലബ്ബ ആവശ്യപ്പെട്ടു. തത്തപള്ളി ഹൈസ്കൂളിന് മുന്‍വശം സിവൈഎംഎയുടെ മുന്നിലുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജോസി ആന്റണി ആവശ്യപ്പെട്ടു.
പുറക്കാട് ജംഗ്ഷന് മുതല്‍ കന്നിട്ടകടവ് വരെയുള്ള റോഡ് പണി പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നും ബിഎം ബിസി നിലവാരത്തില്‍ റോഡ് നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഷാജി വാണിയപുരയ്ക്കല്‍ ആവശ്യപ്പെട്ടു.