ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട്
പാലക്കാട്: ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ജില്ലയിലെ കവചം (മുന്നറിയിപ്പ് സംവിധാനം) സൈറണുകൾ മുഴക്കി. ഇന്നും ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസിനു മുകളിലെത്താൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെയും ഓറഞ്ച് അലേർട്ടുണ്ടായിരുന്നു. 25, 26 തീയതികളിലും 40 ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തൊഴിൽവകുപ്പിനു പ്രത്യേക നിർദേശവുമായി
കേന്ദ്ര കാലാവസ്ഥാവകുപ്പ്
*തൊഴിൽ സമയം പുനഃക്രമീകരിച്ചു പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം. അതിനാവശ്യമായ പരിശോധനകൾ നടത്തണം.
*ഇതരസംസ്ഥാന തൊഴിലാളികളിലേക്കും മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും എത്തുന്നുണ്ടെന്നുറപ്പാക്കണം.
*വ്യാപാര കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും വായുസഞ്ചാരം, കുടിവെള്ളം, ടോയ്ലെറ്റ് സൗകര്യങ്ങൾ എന്നിവയുണ്ടോ എന്ന പരിശോധിക്കേണ്ടതും കടകളിലെ തൊഴിലാളികളുടെ ഉൾപ്പെടെ സുരക്ഷ മുൻനിർത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
*ഹോട്ടലുകളിൽ വെയ്റ്റ് ചെയ്യേണ്ടി വരുന്ന ടാക്സി തൊഴിലാളികൾക്ക് ഹോട്ടലുകളിൽ വിശ്രമിക്കാനുള്ള സൗകര്യമൊരുക്കാൻ നിർദേശം നൽകണം.
*ഓട്ടോ- ടാക്സി തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള താത്കാലിക സൗകര്യങ്ങൾ ഒരുക്കണം.
*ഓൺലൈൻ വിതരണ തൊഴിലാളികൾക്ക് അവരുടെ സംഭരണ കേന്ദ്രങ്ങളിലും ഭക്ഷണ വിതരണക്കാർക്ക് റെസ്റ്റോറന്റുളുടെ സമീപത്തായും തണലോടുകൂടിയ വിശ്രമസൗകര്യം ഒരുക്കാൻ നടപടി സ്വീകരിക്കണം. തൊഴിലാളികൾക്ക് യൂണിഫോമിൽ ഉൾപ്പെടെ ഇളവുകൾ നല്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം ഉടമകൾക്കു ആവശ്യമായ നിർദേശങ്ങൾ നൽകണം.
*ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവരുമായി സഹകരിച്ചു മേൽനടപടികളും മറ്റുതൊഴിൽ മേഖലകളിലും ആവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ നിർദേശിച്ചു.
*മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വകുപ്പ് പുറപ്പെടുവിക്കുന്ന അടിയന്തര സർക്കുലർ, സ്വീകരിച്ച മറ്റ് നടപടികൾ എന്നിവ രേഖാമൂലം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയെ അറിയിക്കാനും നിർദേശമുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ഭക്ഷ്യസുരക്ഷാവകുപ്പും
പാലക്കാട്: ജില്ലയില്‍ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കുടിവെള്ള വിതരണത്തില്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പാലിക്കേണ്ട നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പുറത്തിറക്കി.
ഗതാഗത സമയത്തെ ശാസ്ത്രീയ മുന്‍കരുതലുകള്‍ പാലിക്കണമെന്നും ടാങ്കര്‍ ലോറികളുടെ ശുചിത്വവും ഹൈജീനും ഉറപ്പാക്കണമെന്നും പ്രത്യേക നിർദേശമുണ്ട്.
നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കണം, കാരണം ഇത് പ്ലാസ്റ്റിക് കാനുകളില്നിന്നുള്ള രാസവസ്തുക്കളുടെ വിനിമയത്തിനു കാരണമാകാം. കാനുകള്‍, മൂടിയ വാഹനങ്ങളിലോ അല്ലെങ്കില്‍ ഷേഡ് ഉപയോഗിച്ച് മറച്ചുവച്ച് മാത്രമേ ഗതാഗതം ചെയ്യാവൂ.
കുടിവെള്ള ഗതാഗതത്തിനായി ഉപയോഗിക്കുന്ന ടാങ്കുകള്‍ ഫുഡ്-ഗ്രേഡ്, തുരുമ്പെടുക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതായിരിക്കണം. കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന് അല്ലെങ്കില്‍ അംഗീകൃത സാനിറ്റൈസറുകള്‍ ഉപയോഗിച്ച് ടാങ്കുകള്‍ വൃത്തിയാക്കി അണുവിമുക്തമാക്കണം. ടാങ്കറുകള്‍ മറ്റു വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കരുത്, ഇത് വഴി ക്രോസ്- കണ്ടാമിനേഷന് ഒഴിവാക്കാം എന്നിവയാണ് മുൻകരുതൽ നിർദേശങ്ങൾ.
പ്രത്യേകമായി ജലഗുണനിലവാര മാനദണ്ഡങ്ങളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ അളവിൽ കൃത്യത ഉറപ്പാക്കുക. അണുവിമുക്തമാക്കല്‍ ഉറപ്പാക്കാന്‍ വെള്ളത്തില്‍ ആവശ്യമായ അളവില്‍ അവശിഷ്ട ക്ലോറിന്‍ നിലനിർത്തണം.
വെള്ളക്കുപ്പികള്‍/കാനുകളുടെ ഗുണനിലവാരം ഉറപ്പാക്കണം, ക്ലീനിംഗ്, റിന്‍സിംഗ്, സാനിറ്റൈസേഷന്‍, ഡ്രൈയിംഗ്, സീലിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പാലിക്കണം. ഓരോ കാനിലും ശരിയായ സീലിംഗും ലേബലിംഗുമുണ്ടായിരിക്കണമെന്നു നിർദേശമുണ്ട്.
പൊതുജനങ്ങള്‍ക്കായി പ്രത്യേക നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉറവിടങ്ങളില്‍ നിന്നുള്ള വെള്ളംമാത്രം ഉപയോഗിക്കുക എന്നതാണ് ഇതിൽ പ്രധാനം. തുറന്ന നിലയില്‍ സൂര്യപ്രകാശത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളക്കുപ്പികള്‍/കാനുകള്‍ ഒഴിവാക്കണം.
വെള്ളത്തിന്റെ രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസം കണ്ടാല്‍ ഉപയോഗം നിര്‍ത്തുക.
ഫുഡ് സേഫ്ടി മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രമേ കുടിവെള്ള ഉത്പാദനം, സംഭരണം, വിതരണം, വില്പന എന്നിവ നടത്താവൂ. ഇത് പാലിക്കാതെ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.