ന്യൂഡൽഹി: തമിഴ്നാട് മധുരയിലെ തിരുപ്പറംകുണ്ഡ്രത്ത് കാർത്തികദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട് ലോക്സഭ സ്തംഭിപ്പിച്ച് ഡിഎംകെ. ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും ഡിഎംകെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ അരമണിക്കൂർ സമയത്തേക്ക് സ്പീക്കർ സഭ പിരിച്ചുവിട്ടു. കോണ്ഗ്രസ്, എസ്പി, എൻസിപി തുടങ്ങിയ പാർട്ടികൾ ഡിഎംകെ പ്രതിഷേധത്തെ പിന്തുണച്ചു.
ഉച്ചയ്ക്കു 12ന് ലോക്സഭ വീണ്ടും ചേർന്ന് ശൂന്യവേളയിൽ ഡിഐകെ നേതാവ് ടി.ആർ. ബാലു വിഷയം ഉന്നയിച്ചെങ്കിലും കാർത്തികദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട് വിധിപറഞ്ഞ മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരേ നടത്തിയ പരാമർശം ഭരണപക്ഷ പ്രതിഷേധത്തിനിടയാക്കി. ഇതോടെ പരാമർശം സഭാ രേഖകളിൽനിന്നു നീക്കാൻ സ്പീക്കർ നിർദേശം നൽകി.
തമിഴ്നാട്ടിൽ ഒരു പാർട്ടി വർഗീയകലാപത്തിനു ശ്രമിക്കുകയാണെന്ന് ബിജെപിയെ പരോക്ഷമായി ചൂണ്ടിക്കാട്ടിയ ടി.ആർ. ബാലു, തിരുപ്പറംകുണ്ഡ്രത്ത് കാർത്തികദീപം തെളിക്കാൻ അനുവദിച്ച ജഡ്ജി താൻ പ്രത്യേക പ്രത്യയശാസ്ത്രത്തോടു കൂറ് പുലർത്തുന്നുവെന്ന് സ്വയം പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതിനെതിരേ രംഗത്തുവന്ന തമിഴ്നാട്ടിൽനിന്നുള്ള കേന്ദ്രമന്ത്രി എൽ. മുരുകൻ തമിഴ്നാട് സർക്കാർ ഒരു വിഭാഗത്തിന്റെ ആരാധനാ അവകാശം നിഷേധിക്കുകയാണെന്നു പറഞ്ഞതോടെ ഡിഎംകെ അംഗങ്ങൾ അദ്ദേഹത്തിനടുത്തേക്ക് മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു.
മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അകന്പടിയോടെ ദീപം തെളിക്കാൻ പോയ ഭക്തരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തതായും മുരുകൻ വ്യക്തമാക്കി.
ആറാം നൂറ്റാണ്ടിൽ നിർമിച്ച തിരുപ്പറംകുണ്ഡ്രം മുരുകക്ഷേത്രം ആറുപടൈ വീട് എന്നറിയപ്പെടുന്ന ആറു പ്രധാന മുരുകക്ഷേത്രങ്ങളിൽ ഒന്നാണ്.
മധുര മുനിസിപ്പൽ കോർപറേഷന്റെ ഭാഗമായ തിരുപ്പറംകുണ്ഡ്രം കുന്നുകളുടെ മുകളിലാണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷയുടെ ദർഗ സ്ഥിതിചെയ്യുന്നത്. ദർഗയ്ക്കു സമീപമുള്ള ദീപത്തൂണിൽ ദീപം തെളിക്കുന്നതിനു പകരം സാധാരണ സ്ഥലത്തു ദീപം തെളിക്കാനാണ് ക്ഷേത്രംഭരണസമിതി ഇതുവരെ തീരുമാനിച്ചത്. ഇതിനെ എതിർത്ത ചില ഹൈന്ദവസംഘടനകൾ ദർഗയ്ക്കു സമീപം ദീപം തെളിക്കുന്നതിന് ഹൈക്കോടതിയിൽനിന്നും അനുകൂല വിധി നേടി. ഇതിന്റെ പശ്ചാത്തലത്തിൽ ദീപം തെളിക്കാനെത്തിയവരെ തമിഴ്നാട് സർക്കാർ തടഞ്ഞു. ഇത് മേഖലയിൽ സംഘർഷത്തിനു കാരണമായി.
അതേസമയം, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ സമർപ്പിച്ച ഹർജികൾ 12ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
തമിഴ്നാട് ബിജെപി അധ്യക്ഷനും 112 പേർക്കും എതിരേ കേസ്
മധുര: തിരുപ്പറംകുണ്ഡ്രം ക്ഷേത്രത്തിനു സമീപമുള്ള മലമുകളിൽ ദീപം കൊളുത്തുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വർഗീയ സംഘർഷത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, മുതിർന്ന നേതാവ് എച്ച്. രാജ, ആറു വനിതകൾ ഉൾപ്പെടെ 113 പേർക്കെതിരേ പോലീസ് കേസെടുത്തു.
മലമുകളിലുള്ള പില്ലറിൽ ദീപം കൊളുത്തുന്നത് മറുവിഭാഗം തടഞ്ഞതാണ് സംഘർഷങ്ങൾക്കു കാരണമായത്. പില്ലറിനു മുകളിൽ ദീപം കൊളുത്തുന്നതിനു തടസമില്ലെന്ന് മദ്രാസ് ഹൈക്കോടതി ഡിസംബർ നാലിന് ഉത്തരവിട്ടിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിരോധനാജ്ഞയും കോടതി നീക്കിയിരുന്നു.
ഇതിനിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ഹിന്ദു മുന്നണിയുടെ നേതൃത്വത്തിൽ ചിലർ നിരോധനാജ്ഞ ലംഘിച്ച് മലമുകളിൽ ദീപം തെളിക്കാൻ കയറിയതോടെ ഇവരുൾപ്പെടുന്ന മുന്നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാഗേന്ദ്രനെയും രാജയെയും രാത്രിയോടെ വിട്ടയച്ചു.