അമ്പലപ്പുഴ: കിഴക്കന് വെള്ളത്തിന്റെ വരവിൽ തോട്ടപ്പള്ളി സ്പില്വേ ഷട്ടറുകളില് അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെടുത്തിയ മാലിന്യങ്ങൾ നീക്കം ചെയ്തുതുടങ്ങി. എക്സൈസ് മന്ത്രി എം.ലിജു രാവിലെ തോട്ടപ്പള്ളി സന്ദര്ശിച്ച ശേഷം ഇറിഗേഷന് വിഭാഗം ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയതോടെയാണ് പ്രശ്നങ്ങള്ക്ക് പരിഹാരമായത്.
ഒഴുക്കില്പ്പെട്ടെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും തടിയും മുളകളും തോട്ടപ്പള്ളി സ്പില്വേ ഷട്ടറുകളില് അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരുന്നു. ഇത് ചിത്രം ഉള്പ്പെടെ ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഹിറ്റാച്ചി കൊണ്ട് സ്പില്വേ ഷട്ടറുകളില് അടിഞ്ഞുകൂടിയ മാലിന്യങ്ങള് നീക്കം ചെയ്ത് തുടങ്ങി. മാലിന്യം അടിഞ്ഞൂകൂടുന്നതനുസരിച്ച് നീക്കം ചെയ്യാനുള്ള നടപടികളുമായിട്ടുണ്ട്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി തോട്ടപ്പള്ളി കനാലിന് കുറുകെയുള്ള പാലത്തിന്റെ തൂണുകളുടെ നിര്മാണം നടന്നുവരുകയാണ്. ഇതിനുള്ള സാമഗ്രികള് കൊണ്ടുപോകുന്നതിനും തൊഴിലാളികള്ക്ക് കടന്നുപോകുന്നതിനുമായി താത്കാലിക ഇരുമ്പ് പാലം നിര്മിച്ചിരുന്നു. ഷട്ടറുകളില് നിന്നു തളളിവിടുന്ന മാലിന്യം പാലത്തില് തടഞ്ഞുനിന്നതും നീരൊഴുക്കിന് തടസമായിരുന്നു. ഈ പാലത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയാണ് കെട്ടിക്കിടന്ന മാലിന്യം ഒഴുക്കി വിട്ടത്.
ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചതിന് ശേഷം കൂറ്റൻ ബാർജുപയോഗിച്ചാണ് ഇരുമ്പ് നടപ്പാത നീക്കം ചെയ്തത്.ഇതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെത്തിയ കിഴക്കൻ വെള്ളം നേരിയ തോതിൽ ഒഴുകാൻ തുടങ്ങി. കിഴക്കൻ വെള്ളം ഒഴുകിപ്പോകാനായി തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളില് 39 എണ്ണവും ദിവസങ്ങൾക്ക് മുൻപ് തുറന്നിരുന്നു. എന്നാൽ ഷട്ടറുകളിൽ മാലിന്യം അടിഞ്ഞതോടെയാണ് ഒഴുക്ക് തടസപ്പെട്ടത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കുട്ടനാട് എംഎൽഎ റെജി ചെറിയാനും തോട്ടപ്പള്ളി സ്പില്വേയും പൊഴിപ്രദേശവും സന്ദർശിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ ഏകോപിപ്പിച്ചു.