തിരൂർ: ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുകയായിരുന്ന കുറ്റവാളിയെ 13 വർഷത്തെ തിരച്ചിലിനൊടുവിൽ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. 2013 മുതൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പടിഞ്ഞാറേക്കര പണ്ടായി സ്വദേശി മരക്കാരകത്ത് ഹൗസിൽ ഹംസയുടെ മകൻ സുലൈമാനെയാണ് (47) പോലീസ് പിടികൂടിയത്.
2013-ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസ് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തിരൂർ പോലീസ് പടിഞ്ഞാറേക്കരയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തിരൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നിർദേശപ്രകാരം എസ്.ഐ സുജിത് എൻ.ആർ, എസ്.ഐ നസീർ ടി, എസ്.സി.പി.ഒമാരായ മനോജ്, മൻസൂർ, സി.പി.ഒമാരായ ആശിഷ്, പ്രിന്റോ, ദിൽജിത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ സുലൈമാനെ തിരൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.