കുളമാവ്: തൊടുപുഴ പുളിയന്മല സംസ്ഥാനപാതയില്‍ കരിപ്പിലങ്ങാടിനു സമീപം വന്മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. റോഡരികിലെ ഉയര്‍ന്ന പ്രദേശത്ത് നിന്നിരുന്ന മരം ഇലക്ട്രിക് ലൈനുകള്‍ക്ക് മുകളിലൂടെയാണ് റോഡിലേക്കു പതിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങള്‍ ജെ.സി.ബിയുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിച്ചു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.എ. ജാഫര്‍ഖാന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ ജിന്‍സ് മാത്യു, ഫയര്‍ ഓഫീസര്‍മാരായ എം.പി.സിജു , റോയി മാത്യു, ജയിംസ് തോമസ്, അനീഷ് കെ. ഷാജി, അഫ്സല് ഖാന് എന്നിവര്‍ ചേര്‍ന്നാണ് മരം വെട്ടി മാറ്റിയത്. സംഭവസ്ഥലത്ത് കുളമാവ് പോലീസും കെഎസ്ഇബി അധികൃതരും എത്തി ആവശ്യമായ മേല്‍ നടപടി സ്വീകരിച്ചു. മരം വീണതുമൂലം ഒരു മണിക്കൂറോളം സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു.