ന്യൂഡൽഹി: റഷ്യയിലേക്ക് എണ്ണയുമായി പോവുകയായിരുന്ന ടാങ്കർ കപ്പലിന് നേരെ കരിങ്കടലിൽ വെച്ച് ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. പലാവു പതാക വഹിച്ച 'എൽബസ്' എന്ന കപ്പലിന് നേരെയാണ് അജ്ഞാത ഡ്രോൺ ആക്രമണം ഉണ്ടായത്. ഇതേത്തുടർന്ന് കപ്പൽ തുർക്കി തീരത്തേക്ക് തിരിച്ചുവിടുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
വെള്ളത്തിനടിയിലൂടെ എത്തിയ ആളില്ലാ വാഹനവും ഡ്രോണും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. കപ്പലിന്റെ എൻജിൻ റൂമിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർക്ക് പരിക്കേൽക്കുകയോ എണ്ണ ചോർച്ച ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. റഷ്യൻ തുറമുഖമായ നോവോറോസിസ്കിലേക്ക് പോവുകയായിരുന്നു കപ്പൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിങ്കടലിൽ റഷ്യൻ ബന്ധമുള്ള കപ്പലുകൾക്ക് നേരെ സമാനമായ ആക്രമണങ്ങൾ തുടർച്ചയായി നടക്കുന്നുണ്ട്.
തങ്ങളുടെ സമുദ്രപരിധിക്ക് സമീപം നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് തുർക്കി വ്യക്തമാക്കി. മേഖലയിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയെക്കുറിച്ച് തുർക്കി നാറ്റോ അംഗങ്ങളുമായി ചർച്ച നടത്തി. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ കരിങ്കടലിലൂടെയുള്ള ഇന്ധന നീക്കം തടസപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.