പാലക്കാട്: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പട്ടിക വർഗ പ്രമോട്ടർമാർക്കുള്ള ദ്വിദിന പരിശീലനം ചെയർപേഴ്സണ്‍ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ഗോത്ര മേഖലയിലെ കുട്ടികളുടെ വിവിധ പ്രശ്നങ്ങൾ മനസിലാക്കി അവർക്ക് കൃത്യമായ നിയമസംവിധാനങ്ങളെ കുറിച്ചുള്ള അവബോധം നൽകുന്നതിനും കുട്ടികൾ നേരിടുന്ന വിവിധ സാമൂഹിക മാനസിക പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
കുട്ടികൾക്കുവേണ്ടിയുള്ള സംരക്ഷണ നിയമങ്ങളെ ആസ്പദമാക്കി ബാലാവകാശ കമ്മീഷൻ അംഗം കെ.കെ. ഷാജു, തദ്ദേശീയരായ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളും സംവിധാനങ്ങളും എന്ന വിഷയത്തിൽ ജില്ലാ ചൈൽഡ് ലൈൻ സൂപ്പർവൈസർ ആഷ്ലിൻ ഷിബു, ശൈശവ വിവാഹം, ബാലവേല നിയമപരമായ ഉത്തരവാദിത്തം എന്ന വിഷയത്തെ ആസ്പദമാക്കി കില റിസോഴ്സ് പേഴ്സണ്‍ സി.കെ. ദിനേശൻ എന്നിവർ ക്ലാസുകൾ നയിച്ചു. ബി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ രമ, വി. സുരേഷ്കുമാർ, ആസ്സോ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പോൾ പാറയിൽ, മോനിഷ മോഹൻ എന്നിവർ പങ്കെടുത്തു.150 ഓളം പ്രമോട്ടർമാർ പരിപാടിയിൽ പങ്കെടുത്തു.