കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകളും ഇരട്ടവോട്ടുകളും തടയാൻ വിജിലൻസ് കമ്മിറ്റികൾ രൂപീകരിച്ച് യുഡിഎഫ്. എതിർപാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ കള്ളവോട്ടു ചെയ്യുന്നതും ഒരാൾ ഒന്നിലധികം തവണ വോട്ടുകൾ ചെയ്യുന്നതും നേരിട്ട് തടയാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഇക്കാര്യം നിയമസംവിധാനങ്ങൾക്ക് മുന്നിലെത്തിക്കാനാണ് വിജിലൻസ് കമ്മിറ്റികൾ. കള്ളവോട്ടു ചെയ്യുന്നവരെയും ഒന്നിൽകൂടുതൽ തവണ വോട്ടുകൾ ചെയ്യുന്നവരെയും കണ്ടെത്തി അവർക്കെതിരെ കേസുകൾ ഫയൽ ചെയ്യാനാണ് തീരുമാനം. ബന്ധപ്പെട്ട പ്രിസൈഡിംഗ് ഓഫീസർമാരെയും കേസിൽ പ്രതിചേർക്കും.
കാലങ്ങളോളം കേസിനു പിന്നാലെ നടക്കേണ്ടിവരുമെന്ന സ്ഥിതി വന്നാൽ കള്ളവോട്ട് ചെയ്യുന്നവർ താനേ പാഠം പഠിച്ചോളുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. കള്ളവോട്ടിനു നേരെ കണ്ണടച്ചാൽ കേസിൽ കുടുങ്ങാനിടയുണ്ടെന്നത് പ്രിസൈഡിംഗ് ഓഫീസർമാർക്കും മുന്നറിയിപ്പാകും.
എതിർപാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ യുഡിഎഫ് ഏജന്റുമാരെ ബൂത്തിലിരിക്കാൻ അനുവദിക്കാതിരിക്കുകയോ അഥവാ അനുവദിച്ചാലും കൈയേറ്റം ഭയന്ന് നിശബ്ദരായിരിക്കേണ്ടി വരികയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് വിജിലൻസ് കമ്മിറ്റികളുടെ സഹായത്തോടെ നിയമവഴി തേടുക. മരിച്ചവരുടെയോ സ്ഥലത്തില്ലാത്തവരുടെയോ വോട്ടുചെയ്തവരെയും ഒന്നിൽ കൂടുതൽ തവണ വോട്ടുചെയ്തവരെയും ലിസ്റ്റ് നോക്കിയും കാമറ നോക്കിയും തിരിച്ചറിയാനാകും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരക്കാരെ കൂട്ടത്തോടെ കേസിൽ കുടുക്കിയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ കള്ളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
ജില്ലയിലെ 18 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും കേന്ദ്രീകരിച്ച് യുഡിഎഫ് വിജിലൻസ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. യുഡിഎഫിലെ വിവിധ പാർട്ടികളുടെ നേതാക്കളാണ് കമ്മിറ്റി അംഗങ്ങൾ. ഇവർക്ക് ആവശ്യമായ നിയമസഹായം നൽകാൻ ലോയേഴ്സ് കോൺഗ്രസിലെയും ലീഗിലെയും അഭിഭാഷകരുടെ സേവനവും ലഭ്യമാക്കും. വിജിലൻസ് കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാതലത്തിൽ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.