Kerala
തിരുവനന്തപുരം: മന്ത്രി വി.ശിവന്കുട്ടിയുടെ മുന് പേഴ്സണല് സ്റ്റാഫ് അംഗത്തിന് മർദനമേറ്റ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രി ചിറയിന്കീഴ് റെയില്വേ സ്റ്റേഷന് സമീപത്തുവച്ച് നടന്ന സംഭവത്തിൽ ദിനേഷിനാണ് മര്ദനേമേറ്റത്.
സംഭവത്തില് അഖിലേഷ്, ജയരാജ്, വ്യാസന് എന്നിവരാണ് പിടിയിലായത്. പിടിയിലായവര് നിരവധി ക്രിമിനല് കേസുകളില് പ്രതികളാണെന്നും ഇവർ മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഒന്ന് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ നടപ്പാക്കുന്ന അപകട ലൈഫ് ഇൻഷ്വറൻസ് പദ്ധതിക്ക് പേര് നിർദേശിച്ച് എം.എം.മണി എംഎൽഎ. പദ്ധതിയുടെ ലക്ഷ്യം വ്യക്തമാക്കുന്ന അർത്ഥവത്തായ ഒരു പേര് നിർദേശിക്കുന്ന ആൾക്ക് സമ്മാനം നൽകുമെന്ന് പറഞ്ഞ് മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഇതിനു മറുപടിയായിട്ടാണ് എം.എം.മണി വി കെയർ കിഡ്സ് എന്ന പേര് നിർദേശിച്ചത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ സാധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
Kerala
അടൂര്: പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്ത്തുകയാണ് സര്ക്കാര് ലക്ഷ്യമെന്ന് മന്ത്രി വി.ശിവന്കുട്ടി. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയര് സെക്കന്ഡറി സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒന്ന് മുതല് 12 വരെയുള്ള 43 ലക്ഷം വിദ്യാര്ഥികള്ക്ക് സൗജന്യ ഇന്ഷ്വറന്സ് ഏര്പ്പെടുത്തി. അപകട മരണം സംഭവിച്ചാല് മൂന്ന് ലക്ഷം രൂപയും ചികിത്സയ്ക്കായി 75000 രൂപ വരെയും സര്ക്കാര് നല്കും. ഇതിന്റെ പ്രീമിയം പൂര്ണമായും സര്ക്കാര് വഹിക്കും. സ്കൂള് പാഠ്യപദ്ധതിയില് ആര്ട്ടിഫിഷല് ഇന്റലിജന്സ് ഉള്പ്പെടുത്തും.
20,000 ഓാളം റോബോട്ടിക് കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞെങ്കിലും വിദ്യാർഥികളുടെ ഭക്ഷണത്തിന് 410.66 കോടി രൂപ സര്ക്കാര് മാറ്റിയിട്ടുണ്ട്. 50 ല് അധികം പട്ടികവര്ഗ വിദ്യാര്ഥികളുള്ള 340 സ്കൂളുകള്ക്ക് 60 കോടി രൂപയുടെ സ്പെഷല് എന് റിച്ച്മെന്റ് പദ്ധതി നടപ്പിലാക്കുന്നതായും മന്ത്രി കൂട്ടിചേര്ത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ധൈര്യമുണ്ടെങ്കിൽ നേമത്ത് മത്സരിക്കണമെന്ന് മന്ത്രി വി.ശിവന്കുട്ടി. സംഘപരിവാറിനെതിരെ പോരാടുന്ന വലിയ യോദ്ധാവായി സ്വയം ചമയാന് വി.ഡി.സതീശന് നടത്തുന്ന ശ്രമങ്ങള് കൗതുകകരമാണ്.
ബിജെപിയോടുള്ള മൃദുസമീപനവും കോണ്ഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളില് ഇരുന്നു വാചകക്കസര്ത്ത് നടത്തിയാല് സംഘപരിവാര് വിരുദ്ധത തെളിയിക്കാനാവില്ലെന്നും ശിവന്കുട്ടി പറഞ്ഞു.
വി.ഡി.സതീശൻ ക്ഷണം സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. പോറ്റിയും ഗോവർധനും സോണിയ ഗാന്ധിയുടെ വീട്ടിൽ പോയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന റെജി ലൂക്കോസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം. റെജി ലൂക്കോസിന് പാർട്ടിയുമായി ഒരുബന്ധമില്ലെന്നും ഒരുബന്ധവും ഇല്ലാത്തയാളെ എങ്ങനെ പുറത്താക്കുമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആർ.രഘുനാഥ് ചോദിച്ചു.
വഴിയാത്രക്കാരന് എതിലേയും പോകാമെന്നും അദ്ദേഹം പറഞ്ഞു. റെജി ലൂക്കോസ് സിപിഎം അംഗമല്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. ഇയാൾ പാർട്ടി മെമ്പറൊന്നുമല്ല. പാർട്ടി വക്താക്കളായിട്ട് അവരെയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില വിഷയങ്ങൾ വരുമ്പോൾ അവർവന്ന് സംസാരിക്കുന്നു.
അത്ര മാത്രമേയുള്ളൂ. പാർട്ടിയുടെ കാലാകാലങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളിൽ എത്രയോപേർ അനുകൂലിക്കുന്നു. എത്രയോപേർ പ്രതികൂലിക്കുന്നു. അനുകൂലിച്ചവർ തന്നെ പ്രതികൂലിച്ച് പിന്നെ അഭിപ്രായപ്രകടനം നടത്തുന്നുണ്ടല്ലോയെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സർക്കാർ അധ്യാപകർക്കൊപ്പമാണ്.
സുപ്രീംകോടതി ഉത്തരവിനെ തുടര്ന്നാണ് സര്ക്കാര് ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യൂ ഹര്ജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.
സുപ്രീംകോടതി രണ്ടുവർഷത്തെ സമയപരിധി ഇളവുനൽകിയിട്ടും കെടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ രംഗത്തെത്തിയിരുന്നു.
യോഗ്യത സംബന്ധിച്ച ഉത്തരവ് അധ്യാപകരിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു കുറ്റപ്പെടുത്തി. പ്രത്യേക കെടെറ്റ് പരീക്ഷയ്ക്കായി അധ്യാപകർ തയാറെടുക്കവേ സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം സംഘടനയായ കെഎസ്ടിഎ ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭ്യമായെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനയെ വിമർശിച്ച് മന്ത്രി വി.ശിവന്കുട്ടി. അടൂർ പ്രകാശിന്റെ അഭിപ്രായമല്ല ഇടതുപക്ഷത്തിന്റേത്.
അടൂർ പ്രകാശിന്റെ അഭിപ്രായം അവരുടെ പാർട്ടിയുടെ അഭിപ്രായം ആയിരിക്കും. പക്ഷേ സർക്കാർ ഈ കേസിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതിജീവിതയ്ക്കെക്കൊപ്പമാണ് അന്നും ഇന്നും എന്നും. അടൂർ പ്രകാശിന്റെ അഭിപ്രായം ശരിയാണോയെന്ന് ജനം തീരുമാനിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് രേപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്നും കേസിൽ നടന് നീതി ലഭ്യമായെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: പുതിയ നാല് തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് നടപ്പിലാക്കുന്ന പുതിയ കോഡുകൾക്കെതിരെയാണ് മന്ത്രി നിലപാട് അറിയിച്ചത്.
തൊഴിൽ മേഖലയിൽ പരിഷ്കാരങ്ങൾ അനിവാര്യമാണ്. തൊഴിൽ സുരക്ഷ, കൂട്ടായ വിലപേശലിനുള്ള അവകാശം, സുരക്ഷിതമായ തൊഴിൽ സാഹചര്യം എന്നിവയിൽ വെള്ളം ചേർക്കുന്നതാണ് പുതിയ പരിഷ്കാരങ്ങളെന്ന് കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികൾ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് തൊഴിൽ. എന്നിട്ടും സംസ്ഥാന സർക്കാരുകളുമായോ കേന്ദ്ര ട്രേഡ് യൂണിയനുകളുമായോ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ജനാധിപത്യപരമായ ഇത്തരം ചർച്ചകൾ ഒഴിവാക്കുന്നത് രാജ്യത്തെ തൊഴിൽ സമാധാനം തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അതിനാൽ പുതിയ നാല് തൊഴിൽ കോഡുകൾ ഉടൻ പിൻവലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ജോലികൾക്ക് വിദ്യാർഥികളെ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ അധ്യായനം പൂർണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.
പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. പത്തു ദിവസത്തിലധികം വിദ്യാർഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച വിദ്യാർഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടണം. അധ്യായന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും വിദ്യാർഥികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ വിദ്യാർഥികളെ മറ്റ് ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർഥികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: മത്സരിക്കാൻ സീറ്റുകിട്ടാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് ബി. തമ്പിയുടെ വീട്ടിൽ മന്ത്രി വി.ശിവൻകുട്ടിയെത്തി. ആനന്ദിന്റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും സന്ദർശിച്ച മന്ത്രി എല്ലാ പിന്തുണയും ഉറപ്പുനൽകിയശേഷമാണ് മടങ്ങിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി ആർഎസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ ജീവനൊടുക്കിയ സാഹചര്യമടക്കം വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമർശനം.
ബിജെപി, ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
ബിജെപിയുടെ ജീർണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Kerala
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവർക്കൊപ്പമാണ് രാഹുൽ വേദി പങ്കിട്ടത്.
അതേസമയം രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ വേദി വിട്ടിറങ്ങി. പാലക്കാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്. സ്ത്രീവിരുദ്ധ പ്രവർത്തികൾ ചെയ്യുന്ന എംഎൽഎയ്ക്കൊപ്പം വേദി പങ്കിടാൻ താത്പര്യമില്ലെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്ര പരാതികൾ ഉയർന്നതിന് പിന്നാലെ ഇടത് സംഘടനകൾ അദ്ദേഹത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിലെ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂള് കലോത്സവ തീയതികളില് മാറ്റം. പുതുക്കിയ തീയതി പ്രകാരം 2026 ജനുവരി 14 മുതല് 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്ത്താകുറിപ്പില് അറിയിച്ചു.
നേരത്തെ കലോത്സവം ജനുവരി ഏഴു മുതല് 11 വരെയാണ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റമെന്നാണ് വിശദീകരണം. ഉത്സവ സീസണ് ആയതലനാല് നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള് ലഭിക്കാന് പ്രയാസമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടർന്നാണ് തീയതി മാറ്റാൻ തീരുമാനിച്ചതെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ഏകദേശം 14,000 വിദ്യാര്ഥികള് 249 ഇനങ്ങളിലായി മേളയില് മാറ്റുരയ്ക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.