പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വടക്കഞ്ചേരി ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ഇൻഡസ്ട്രി ഓണ്‍ കാന്പസ് യൂണിറ്റുകൾ ആരംഭിക്കുന്നു. പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനമുണ്ടാക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതിനായി രണ്ട് കോടിയിലധികം രൂപ ചെലവഴിച്ചുള്ള രണ്ട് പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.
കോളജ് കാന്പസിൽ സജ്ജമാക്കുന്ന പ്രൊഡക്ഷൻ യൂണിറ്റുകളിൽ നിർമിക്കുന്ന ഉപകരണങ്ങളും സോഫ്റ്റ് വെയറുകളും വിവിധ കന്പനികൾക്ക് നൽകി അതിൽനിന്ന് ലഭിക്കുന്ന വരുമാനം വിദ്യാർഥികൾക്ക് കൈമാറുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഐഎച്ച്ആർഡി ഡയറക്ടർ ഡോ.എം.വി. രാജേഷ് കോളജ് സന്ദർശിച്ച് അടിസ്ഥാനസൗകര്യങ്ങളും വികസനപ്രവർത്തനങ്ങളും വിലയിരുത്തി. നിലവിൽ രണ്ട് പ്രൊജക്റ്റുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സോളാർ പാനൽ ഇൻവെർട്ടർ യൂണിറ്റ് സ്ഥാപിക്കും. ഇതിനായി രണ്ട് കന്പനികളുമായി അടുത്തയാഴ്ച ധാരണാപത്രം ഒപ്പുവെക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവിധ സ്ഥാപനങ്ങൾക്കായി എഐ ഏജന്റുകൾ വികസിപ്പിക്കുന്ന സോഫ്റ്റ് വെയർ യൂണിറ്റ് കന്പ്യൂട്ടർ സയൻസ് വിഭാഗം മേൽനോട്ടം വഹിക്കും. രണ്ട് യൂണിറ്റുകളിലേക്കും ആവശ്യമായ വിദ്യാർഥികളുടെ റിക്രൂട്ട് ചെയ്യും. കന്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കോമേഴ്സ് വിഷയങ്ങളിലായി എഴുനൂറോളം വിദ്യാർഥികളാണ് പഠനം നടത്തുന്നത്.