ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനത്തിൽ കേസെടുത്ത് പോലീസ്. പടക്ക നിർമാണ ശാല ഉടമകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വച്ചക്കാരൻപെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് പ്രതികൾ.
പ്രതികൾക്കെതിരെ നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരിൽ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളെ മധുര മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മധുര, തിരുനെൽവേലി എന്നീ മെഡിക്കൽ കോളജുകളിൽ നിന്ന് ഉൾപ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.