തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
മൂന്നാമത്തെ കേസിലും പാർവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 2023 മുതൽ ഇവർ തട്ടിപ്പ് നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അർമേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് പണം തട്ടിയെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.
തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയതായും പൊലിസ് കണ്ടെത്തി. ദുബായിൽ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും പാർവതി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി അന്വേഷണ സംഘം പറയുന്നു. പാർവതി അറസ്റ്റിലായതിന് പിന്നാലെ പാലാരിവട്ടം പൊലിസ് സ്റ്റേഷനിൽ പരാതികളുടെ എണ്ണം വർധിച്ചു.
കഴിഞ്ഞ ദിവസം മാത്രം 25ലേറെ പേർ പരാതിയുമായി എത്തിയതായി പൊലിസ് അറിയിച്ചു. കേസിൽ പാർവതിയുടെ പങ്കാളി അനീഷ് മേനോൻ, അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾ കൂടിയുണ്ട്. ഇവരെ കണ്ടെത്താൻ പൊലിസ് അന്വേഷണം ഊർജിതമാക്കി.