ന്യൂഡൽഹി: വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ (ഡബ്ല്യുഎസ്ഒ) ഡയറക്ടർ ബോർഡിലേക്ക് ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും മലയാളിയുമായ ഡോ. ഐവി ആൻ സെബാസ്റ്റ്യൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2026-2030 കാലയളവിലേക്ക് ഏഷ്യ-ഓഷ്യാനിയ മേഖലയെ പ്രതിനിധീകരിച്ചാണ് ഡബ്ല്യുഎസ്ഒയുടെ ഭാഗമാകുന്നത്. ലോകമെന്പാടും പക്ഷാഘാത (സ്ട്രോക്ക്) നിരക്ക് കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന മുൻനിര ആഗോള സംഘടനയാണ് ഡബ്ല്യുഎസ്ഒ.
അന്താരാഷ്ട്ര സ്ട്രോക്ക് കമ്യൂണിറ്റിയിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ ഈ പദവിയിലൂടെ പക്ഷാഘാതവുമായി ബന്ധപ്പെട്ട ആഗോള നയങ്ങൾ രൂപീകരിക്കുന്നതിലും ഗവേഷണ മുൻഗണനകളും ചികിത്സാമാനദണ്ഡങ്ങളും നിശ്ചയിക്കുന്നതിലും ഡോ. ഐവി ആൻ സെബാസ്റ്റ്യൻ നിർണായക പങ്ക് വഹിക്കും. പാലാ മുത്തോലപുരം സ്വദേശിയാണ്.