കല്‍പ്പറ്റ: ഗവ. മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം നടത്തുന്നതില്‍ ജില്ലയിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിനുമുള്ള അഭിപ്രായം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് വയനാട് വികസന സമിതി സമരപ്രഖ്യാപന കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ സ്ഥാപിക്കുന്നതിന് അനൂകൂല സാഹചര്യങ്ങളാണ് ഉളളത്. ജില്ലയിലെ മിക്ക പ്രദേശങ്ങളില്‍നിന്നും എളുപ്പം എത്താവുന്ന പ്രദേശമാണ് മടക്കിമല. മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കലടക്കം സമരം സംഘടിപ്പിക്കാന്‍ കണ്വന്ഷന് തീരുമാനിച്ചു.
ചെയര്മാന് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് വി.പി. വര്‍ക്കി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഷൈജല്‍, എച്ചോം ഗോപി, കെ.പി. സ്വതന്ത്ര, ചീക്കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്, മാടായി ലത്തീഫ്, പി.ആര്. കൃഷ്ണന്‍കുട്ടി, ഷൈജല്‍ കൈപ്പ, സി.പി. റഹീസ്, ശ്രീജിത്ത് മൈലാടിപ്പാറ എന്നിവര്‍ പ്രസംഗിച്ചു.