കോൽക്കത്ത: പാർട്ടി വിട്ടുപോയ എംഎൽഎമാർക്കും എംപിമാർക്കും തിരിച്ചുവരുന്നതിനായി 15 ദിവസത്തെ സമയപരിധി നൽകി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. വടക്കൻ ബംഗാളിലെ ഉത്തര ദിനാജ്പൂരിൽ നടന്ന പൊതുയോഗത്തിൽ ഫോണിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.
പാർട്ടി ടിക്കറ്റിൽ വിജയിച്ച് പിന്നീട് പാർട്ടിയെ വഞ്ചിച്ച നേതാക്കൾ 15 ദിവസത്തിനകം തിരിച്ചെത്തിയാൽ സ്വീകരിക്കും, അല്ലെങ്കിൽ പാർട്ടിയിൽ അവർക്ക് ഒരിക്കലും ഇടമുണ്ടാകില്ലെന്ന് മമത മുന്നറിയിപ്പ് നൽകി. സാധാരണക്കാരായ താഴെത്തട്ടിലുള്ള പ്രവർത്തകരാണ് പാർട്ടിയുടെ യഥാർത്ഥ ശക്തിയെന്നും നേതാക്കളല്ലെന്നും അവർ ഓർമിപ്പിച്ചു.
രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ തൃണമൂൽ കോൺഗ്രസ് ശക്തമാകേണ്ടതുണ്ടെന്നും 'ഇന്ത്യാ' മുന്നണിയുടെ വിജയത്തിന് തൃണമൂലിന്റെ ശക്തി അത്യന്താപേക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.